ജനീവ: ഓട്ടോ ഷോകളില്‍ കാറുകള്‍ അവതരിപ്പിക്കുമ്പോഴുള്ള പതിവു കാഴ്ചയാണ് കാറിനൊപ്പം നില്‍ക്കുന്ന സുന്ദരികളായ മോഡലുകളുടേത്. കാഴ്ചക്കാരുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടേണ്ടത് ഷോയിലെ യഥാര്‍ത്ഥ “മോഡലാ”യ കാറിലാണെങ്കിലും പലപ്പോഴും അങ്ങിനെയല്ല സംഭവിക്കുന്നത്. കാര്‍ കാണാനെത്തുന്നവരുടെ തുറിച്ചു നോട്ടങ്ങളേല്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇവിടത്തെ മോഡലുകള്‍.
തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ സ്ത്രീകള്‍ തുറന്നു പറഞ്ഞുകൊണ്ട് മുന്നോട്ടു വന്ന #MeToo ക്യാംപെയിന്‍ ആരംഭിച്ചത് അടുത്തിടെയാണ്. ഇത്തരം കാര്യങ്ങളിലെ ബോധവല്‍ക്കരണവും ജാഗ്രതയും ഏറിവരുന്ന കാലത്താണ് “കാര്‍ ഗേള്‍സ്” എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മോഡലുകളെ പറ്റിയും ചര്‍ച്ച ഉയരുന്നത്.
കാറുകള്‍ അവതരിപ്പിക്കുമ്പോള്‍ സുന്ദരികളായ മോഡലുകള്‍ കാറിനൊപ്പം വേണമെന്നത് പരമ്പരാഗതമായ ആചാരം പോലെയാണ് കാര്‍ കമ്പനികള്‍ കണ്ടു പോന്നിരുന്നത്. എന്നാല്‍ ഇവിടെയും മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്ന സൂചനയാണ് 88-ാം ജനീവ മോട്ടോര്‍ ഷോയുടെ വേദിയില്‍ നിന്നും ലഭിക്കുന്നത്.
ചില കാര്‍ കമ്പനികള്‍ ജനീവ മോട്ടോര്‍ ഷോയില്‍ കാറിനൊപ്പം കാര്‍ ഗേള്‍സിനെ അണിനിരത്തിയിട്ടുണ്ട്. എന്നാല്‍ സാംസ്‌കാരികമായ മാറ്റം അന്തരീക്ഷത്തില്‍ ഉണ്ട് എന്നാണ് മറ്റു ചില കമ്പനികള്‍ പറയുന്നത്.
തങ്ങളുടെ കമ്പനി മോഡലുകളായ സ്ത്രീകളെ ഉപയോഗിച്ച് കാറുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നില്ലെന്ന് ടൊയോട്ട മോട്ടോര്‍ യൂറോപ്പിന്റെ തലവന്‍ ജോഹന്‍ വാന്‍ സൈല്‍ പറയുന്നു.
“ഞങ്ങളുടെ ഉല്‍പ്പന്നത്തെ കുറിച്ചാണ് ഉപഭോക്താക്കള്‍ കൂടുതല്‍ അറിയേണ്ടത്. മോഡലുകളെ സമര്‍ത്ഥമായി ഉപയോഗികകാന്‍ കഴിയും. എന്നാല്‍ ഞങ്ങള്‍ അത്തരത്തില്‍ സ്ത്രീകളെ പ്രദര്‍ശനവസ്തുക്കളാക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ കമ്പനിയുടെ മൂല്യങ്ങള്‍ക്കെതിരാണ് അത്. അതല്ല ഞങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത്.” -ജോഹന്‍ പറയുന്നു.
റോള്‍സ് റോയ്‌സിന്റെ സി.ഇ.ഒ ടോര്‍സ്റ്റന്‍ മുള്ളര്‍ ഒട്‌വോസിനും സമാനമായ അഭിപ്രായമാണ് ഉള്ളത്.
“ഞങ്ങളുടെ ഉല്‍പ്പന്നത്തെ പറ്റി ഞങ്ങള്‍ കൃത്യമായി വിശദീകരിക്കുമെന്ന് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നു. എനിക്കും അതാണ് പ്രധാനപ്പെട്ട കാര്യം.” -മുള്ളര്‍ പറയുന്നു.
അതേസമയം ടൊയോട്ടയും റോള്‍സ് റോയ്‌സും ഉള്‍പ്പെടെയുള്ള കമ്പനികളുടെ വനിതാ മോഡലുകള്‍ ഇല്ലെങ്കിലും പുരുഷന്മാരും സ്ത്രീകളുമായ അസിസ്റ്റന്റുമാര്‍ ഉണ്ട്. ബിസിനസ്-വെയര്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന ഇവരാണ് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
ജനീവ ഓട്ടോ ഷോ നിഷ്പക്ഷമാണെന്ന് ഷോ നടക്കുന്ന പാലെക്‌സ്‌പോ കണ്‍വെന്‍ഷന്‍ സെന്ററിന്റെ വക്താവ് കാര്‍ കമ്പനികള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.
എന്നാല്‍ ഈ മാറ്റം ഉള്‍ക്കൊള്ളാത്ത “പാരമ്പര്യവാദി”കളും ഓട്ടോ ഷോയില്‍ ഉണ്ട്. സ്‌കോഡയുടെ വിഷന്‍ എക്‌സ് എന്ന കാറിനൊപ്പം 2011-ല്‍ മിസ് ചെക്ക് ആയിരുന്ന മോഡലാണ് ഉണ്ടായിരുന്നത്. ആകര്‍ഷകമായ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ഈ സുന്ദരിയെയാണ് വിഷന്‍ എക്‌സ് കാറിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചത്.