മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യ കക്ഷികള്‍ക്ക് മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കില്ലെന്ന് വ്യക്തമാക്കി ശിവസേന. ഇതു സംബന്ധിച്ച് മഹാവികാസ് അഘാഡിയില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ശിവസേന പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുമെന്നുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ശിവസേന പറഞ്ഞു. അഞ്ച് വര്‍ഷവും ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തുടരുമെന്നും ശിവസേന അറിയിച്ചു.
‘ഉദ്ദവ്് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തുടരും. അഞ്ച് വര്‍ഷവും ശിവസേനക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനം എന്നത് പുതിയ കാര്യമല്ല. അന്നത്തെ ചര്‍ച്ചയുടെ ഭാഗമായിരുന്നു ഞാന്‍. അഞ്ച് വര്‍ഷം മുഴുവന്‍ ശിവസേനക്ക് മുഖ്യമന്ത്രി പദവി നല്‍കുമെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാവും അറിയിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള 2019ലെ ചര്‍ച്ചയ്ക്കിടെ എന്‍.സി.പിയും കോണ്‍ഗ്രസും അഞ്ച് വര്‍ഷം മുഴുവന്‍ മുഖ്യമന്ത്രി പദവി
ശിവസേനയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നു,’ സഞ്ജയ് റാവത്ത് പറഞ്ഞു.
നേരത്തെ മുന്‍ സഖ്യകക്ഷിയായ ബി.ജെ.പിയെ കടന്നാക്രമിച്ച് ശിവസേനാ എം.പി. സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. മുന്‍പ് മഹാരാഷ്ട്രയില്‍ ബി.ജെ.പി. നേതൃത്വം നല്‍കിയ സര്‍ക്കാരിന്റെ ഭാഗമായിരുന്ന കാലത്ത് ശിവസേനയെ അടിമകളെ പോലെയാണ് പരിഗണിച്ചിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാരില്‍ രണ്ടാംകിട സ്ഥാനം നല്‍കി ശിവസേനയെ ഇല്ലാതാക്കാന്‍ ബി.ജെ.പി. ശ്രമിച്ചുവെന്നും ജല്‍ഗാവില്‍ സംസാരിക്കവേ റാവത്ത് ആരോപിച്ചു.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ശിവസേന-ബി.ജെ.പി. സഖ്യം തകര്‍ന്നതിനെ തുടര്‍ന്നാണ് എന്‍.സി.പിയും കോണ്‍ഗ്രസുമായി ശിവസേന സഖ്യം ചേരുന്നത്. പിന്നീട് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപവത്കരിക്കുകയുമായിരുന്നു.