മുംബൈ: മഹാരാഷ്ട്രയില്‍ അഹ്‌മ്മദാനഗര്‍ ജില്ലയില്‍ മോഷണക്കുറ്റം ആരോപിച്ച് നാല് ദളിത് യുവാക്കളെ തലകീഴായി കെട്ടിതൂക്കി മര്‍ദിച്ചു. ഒരു ആടിനെയും കുറച്ച് പ്രാവുകളെയും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആറ് പേര്‍ ചേര്‍ന്ന് യുവാക്കളെ മര്‍ദിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
യുവാക്കളെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിലവില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ശ്രീരാംപൂര്‍ താലൂക്കിലെ ഹരേഗാവ് ഗ്രാമത്തില്‍ ഞായറാഴ്ച ഉപരോധമുണ്ടായിരുന്നു.
‘ഓഗസ്റ്റ് 25നാണ് സംഭവം നടക്കുന്നത്. ആറ് പ്രതികള്‍ ദളിത് യുവാക്കളുടെ വീട്ടലേക്ക് വരികയായിരുന്നു. അവരെ അനുഗമിക്കാന്‍ പ്രതികള്‍ യുവാക്കളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നാല് പേരെയും മരത്തില്‍ തലകീഴായി കെട്ടിതൂക്കി മര്‍ദിക്കുകയായിരുന്നു,’ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
യുവരാജ് ഗളന്ദെ, മനോജ് ബൊഡാക്, പപ്പു പര്‍ഖെ, ദീപക് ഗൈക്‌വാഡ്, ദുര്‍ഗേഷ് വൈദ്യ, രാജു ബൊറാഗ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ ഒരാള്‍ തന്നെയാണ് മര്‍ദനത്തിന്റെ വീഡിയോയെടുത്തത്.
പരിക്കേറ്റവരെ പിന്നീട് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തിനിരയായ ശുഭം മഗഡെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
സെഷന്‍ 307(കൊലപാതക ശ്രമം), 364 (തട്ടിക്കൊണ്ടുപോകല്‍), പട്ടികജാതി പട്ടികവര്‍ഗപകുപ്പുകള്‍ തുടങ്ങിയവ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം ബി.ജെ.പി പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ ഫലമാണിതെന്നും മനുഷ്യത്വത്തെ കളങ്കപ്പെടുത്തുന്ന സംഭവമാണ് നടന്നതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
‘മനുഷ്യത്വത്തെ കളങ്കപ്പെടുത്തുന്ന സംഭവമാണ് നടന്നിരിക്കുന്നത്. എല്ലാ കുറ്റക്കാരെയും പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്ത് കടുത്ത ശിക്ഷ നല്‍കണം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബി.ജെ.പി പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്റെ ഫലമാണ് ഇത്തരം സംഭവങ്ങള്‍,’ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോള്‍ പറഞ്ഞു.
content highlights: In Maharashtra, four Dalit youths were hanged upside down and beaten