ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചതിന് വീട് തകര്‍ത്തു; മധ്യപ്രദേശില്‍ ഇന്നലെ മാത്രം തകര്‍ത്തത് 13 വീടുകള്‍
national news
ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചതിന് വീട് തകര്‍ത്തു; മധ്യപ്രദേശില്‍ ഇന്നലെ മാത്രം തകര്‍ത്തത് 13 വീടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2024, 1:01 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമവിരുദ്ധമായി ബീഫ് കച്ചവടം നടത്തിയെന്ന് ആരോപിച്ച് 11 പേരുടെ വീടുകള്‍ തകര്‍ത്തു. മണ്ഡലയിലെ ഗോത്രഗ്രാമത്തിലാണ് സംഭവം നടന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശിക ഭരണകൂടം മണ്ഡലയില്‍ പരിശോധന നടത്തിയത്. പരിശോധനക്കിടെ ഇറച്ചിക്കായി മാറ്റി നിര്‍ത്തിയ 150 പശുക്കളെ പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഏതാനും വീടുകളിലെ ഫ്രിഡ്ജില്‍ നിന്ന് ബീഫിറച്ചി കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. ഇതിന്റെ സാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചതായും പൊലീസ് അറിയിച്ചു.

ഇതിനുപിന്നാലെയാണ് നിയമവിരുദ്ധമായി ബീഫ് കച്ചവടം നടത്തിയെന്ന് ആരോപിച്ച് പ്രദേശിക ഭരണകൂടം മണ്ഡലയിലെ വീടുകള്‍ തകര്‍ത്തത്. സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച വീടുകളാണ് പൊളിച്ച് നീക്കിയതെന്നായിരുന്നു മണ്ഡല എസ്.പി. രജത് സക്ലേച്ചയുടെ വിശദീകരണം.

വീട് നഷ്ടപ്പെട്ട 11 പേരുടെ പേരില്‍ പൊലീസ് കേസെടുകയും ചെയ്തു. ഇതില്‍ ഒരാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ബാക്കിയുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച മധ്യപ്രദേശില്‍ സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്ഷേത്ര പരിസരത്ത് പശുവിന്റെ ഇറച്ചി ഉപേക്ഷിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ജയോറ ടൗണിലായിരുന്നു സംഭവം.

യുവാക്കള്‍ ക്ഷേത്ര പരിസരത്ത് പശു ഇറച്ചി ഉപേക്ഷിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മനോജ് കുമാര്‍ സിങ് അവകാശപ്പെട്ടത്. ഇതിന് പിന്നാലെ പൊലീസ് ഇരുവരുടെയും വീടുകള്‍ കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യുകയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുമായിരുന്നു.

മധ്യപ്രദേശില്‍ പശുവിനെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Content Highlight: In Madhya Pradesh, the houses of 11 people who kept beef in the fridge were vandalized