മധ്യപ്രദേശില്‍ പതിനഞ്ച് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ മൃദുഹിന്ദുത്വ നീക്കവുമായി കോണ്‍ഗ്രസ്. ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് കൊണ്ട് ഗോശാലകള്‍ നിര്‍മിക്കലും പാര്‍ട്ടി പരിപാടിയെന്ന നിലയ്ക്ക് ക്ഷേത്രസന്ദര്‍ശനവുമൊക്കെയാണ് കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിട്ടിരിക്കുന്നത്.
ഇതിലേറ്റവും പ്രധാനം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന Ram Van Gaman Path Yatra യാണ്. ശ്രീരാമന്‍ വനവാസ യാത്രയെ അനുസ്മരിച്ചു കൊണ്ടുള്ളതാണ് “രാം വന്‍ഗമന്‍ പഥയാത്ര”. രാമന്റെ പേരില്‍ അധികാരത്തിലെത്തിയ ബി.ജെ.പി അദ്ദേഹം സഞ്ചരിച്ച വഴി സംരക്ഷിച്ചില്ലെന്നാരോപിച്ചാണ് യാത്ര. സാധാരണ ബി.ജെ.പി നടത്തുന്നത് പോലെ തുറന്ന രഥത്തില്‍ സന്യാസിമാരെയടക്കം ഉള്‍ക്കൊള്ളിച്ചു കൊണ്ട് യാത്ര നടത്തുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.
“തെരഞ്ഞെടുപ്പിന് ഞങ്ങള്‍ക്ക് ശ്രീരാമന്റെ അനുഗ്രഹം വേണം” യാത്ര സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കളിലൊരാളായ ഹരിശങ്കര്‍ ശുക്ല പറയുന്നു. ശ്രീരാമന്‍ സഞ്ചരിച്ചുവെന്ന് പറയപ്പെടുന്ന പ്രസ്തുത വഴി (Ram Van Gaman Path) പൂര്‍ത്തീകരിക്കുമെന്ന് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ശുക്ല പറയുന്നു.
ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ മധ്യപ്രദേശില്‍ ഗുജറാത്തിനെ പോലെ തന്നെ ആര്‍.എസ്.എസിനും ബി.ജെ.പിക്കും സ്വാധീനമുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും കര്‍ണാടകയിലും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ക്ഷേത്രദര്‍ശനങ്ങള്‍ നടത്തി സ്വാധീനമുറപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. മധ്യപ്രദേശിലും ഈ തന്ത്രം തന്നെ ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത് രാഹുലിന്റെ ഓംകരേശ്വര ക്ഷേത്ര ദര്‍ശനത്തിലൂടെയാണ്.
തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി ബി.ജെ.പിയുടെ പശുരാഷ്ട്രീയത്തെയും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഗോശാലകള്‍ നിര്‍മിക്കുമെന്ന് സെപ്റ്റംബര്‍ മൂന്നിന് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥ് വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനത്ത് 23,006 പഞ്ചായത്തുകളാണുള്ളത്. സംസ്ഥാനത്തെ ഗോശാലകളുടെ അവസ്ഥ പരിതാപകരമാണെന്നും ഗോസംരക്ഷണത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയമാണെന്നും കമല്‍നാഥ് പ്രസംഗിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ രാജ്യത്തെ സംഘപരിവാര്‍ യുക്തിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് വിമര്‍ശനം. ആര്‍.എസ്.എസിന്റെ “ഹിന്ദുത്വ” യില്‍ നിന്ന് ഹിന്ദുയിസത്തെ വീണ്ടെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെങ്കിലും രാജ്യത്ത് മതേതരത്വവും ഐക്യവും നിലനിര്‍ത്താന്‍ ബാധ്യതയുള്ള പ്രധാനപ്രതിപക്ഷ പാര്‍ട്ടിയാണ് തങ്ങളെന്ന കാര്യം കോണ്‍ഗ്രസ് മറക്കുകയാണ്.
കടപ്പാട്: സ്‌ക്രോള്‍.ഇന്‍