ഫലസ്തീന്‍ അനുകൂലികളെ കൊന്നുകളയുമെന്ന് ഭീഷണി; ഇസ്രഈല്‍ പതാകയുമായി തെരുവിലിറങ്ങി തീവ്ര ഹിന്ദുത്വവാദികള്‍
national news
ഫലസ്തീന്‍ അനുകൂലികളെ കൊന്നുകളയുമെന്ന് ഭീഷണി; ഇസ്രഈല്‍ പതാകയുമായി തെരുവിലിറങ്ങി തീവ്ര ഹിന്ദുത്വവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th July 2024, 8:34 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ക്കെതിരെ ഭീഷണി മുഴക്കി തീവ്ര ഹിന്ദുത്വ വാദികള്‍. ഇസ്രഈലിനെതിരെ ശബ്ദിക്കുന്നവരെ കൊല്ലുമെന്നും ആക്രമിക്കുമെന്നുമായിരുന്നു ഭീഷണി. ഇസ്രഈലി പതാകകളായി തെരുവിലിറങ്ങിക്കൊണ്ടാണ് ഹിന്ദുത്വ വാദികള്‍ ഭീഷണിയുയര്‍ത്തിയത്.

ജൂലൈ 18ന് മധ്യപ്രദേശിലെ ഖാണ്ഡവയിലാണ് സംഭവം നടന്നത്. 17 ന് ഖാണ്ഡവയില്‍ നടന്ന മുഹറം ഘോഷയാത്രക്കിടെ യുവാക്കള്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിയത് സ്ഥലത്തെ ബജ്റംഗ്ദള്‍ ഉള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകളെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഹിന്ദുത്വ വാദികള്‍ ഫലസ്തീന്‍ അനുകൂലികള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതായി കേള്‍ക്കാം.

ഫലസ്തീന്‍ പതാക ഇസ്രഈലുമായി യുദ്ധം ചെയ്യുന്ന ഹമാസിനെയാണ് പ്രതിനിധികരിക്കുന്നത്. ഫലസ്തീനെ പിന്തുണക്കുന്നവര്‍ ദേശവിരുദ്ധരാണെന്നും തീവ്ര വലതുപക്ഷ നേതാവായ അശോക് പലിവാള്‍ പറഞ്ഞു. ഇതിനുപിന്നാലെ ഘോഷയാത്രക്കെതിരെ തീവ്ര ഹിന്ദുത്വ വാദികള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Also Read: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; പൂജ ഖേദ്ക്കറിന്റെ ഐ.എ.എസ് റദ്ദാക്കാനൊരുങ്ങി യു.പി.എസ്.സി

എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിക്കുകയായിരുന്നു. ഫലസ്തീന്‍ ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഹിന്ദുത്വ വാദികളുടെ സമ്മര്‍ദത്തില്‍ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

തുടര്‍ന്ന് 197 ബി.എന്‍.എസ് (ഐ.പി.സി 153) വകുപ്പ് പ്രകാരമാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

Also Read: ‘നീറ്റ് ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റം’; പ്രതിപക്ഷ വിദ്യാര്‍ത്ഥി നേതാക്കള്‍ സംസാരിക്കുന്നു

ദിവസങ്ങള്‍ക്ക് മുമ്പ് ഫലസ്തീന്‍ പതാക വീശിയതിനെ തുടര്‍ന്ന് ബീഹാറിലെ നവാഡയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാനമായ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ധമൗള ഏരിയയില്‍ നടന്ന മുഹറം ഘോഷയാത്രയിള്‍ ആളുകള്‍ ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കുകയും പതാകകള്‍ ഉയര്‍ത്തുകയുമായിരുന്നു.

ജൂലൈ ഒമ്പതിന് ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നടന്ന മുഹറം ഘോഷയാത്രയില്‍ ഫലസ്തീന്‍ പതാക വീശിയതിന് 20 കാരനായ ഒരു കടയുടമയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: In Madhya Pradesh, Hindutva extremists threatened those who declared solidarity with the Palestinian people