ഭോപ്പാല്‍: മധ്യപ്രദേശില്‍ കോടതി വിധിയില്‍ പ്രതിഷേധിച്ച് 3000ത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. സമരം നിര്‍ത്തി 24 മണിക്കൂറിനുള്ളില്‍ സേവനം ആരംഭിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജിവെച്ചത്. ഹൈക്കോടതി വിധിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ ‘നിയമവിരുദ്ധം’ എന്നാണ് കോടതി വിശേഷിപ്പിച്ചത്. തിങ്കളാഴ്ചയാണ് വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും വരെ സമരം തുടരുമെന്ന് മധ്യപ്രദേശ് ജൂനിയര്‍ ഡോക്ടര്‍ അസോസിയേഷന്‍ (എം.പി.ജെ.ഡി.എ) പ്രസിഡന്റ് അരവിന്ദ് മീന പറഞ്ഞു.
സ്‌റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കണം, ഡോക്ടര്‍മാര്‍ക്കും കുടുംബാഗംങ്ങള്‍ക്കും കൊവിഡ് ചികിത്സ സൗജന്യമാക്കണം എന്നിവയാണ് സമരക്കാരുടെ ആവശ്യം. എന്റോള്‍മെന്റ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നും, അതിനാല്‍ പി.ജി പരീക്ഷ എഴുതാന്‍ സാധിക്കുന്നില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു.
‘പണിമുടക്ക് അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ വീടുകളിലേക്ക് പൊലീസിനെ അയയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല, അതിനാല്‍ ഞങ്ങള്‍ സമരം അവസാനിപ്പിച്ചില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നന്നത്. ഞങ്ങള്‍ സര്‍ക്കാരിനെ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ഇത്ര കുറയുമായിരുന്നോ,’ എം.പി.ജെ.ഡി.എ സെക്രട്ടറി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അടക്കം ബാധിക്കുന്നതാണ് പുതിയ സംഭവം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: In Madhya Pradesh, about 3,000 junior doctors resigned in protest of a court ruling