| Thursday, 29th August 2024, 9:10 am

ഗോവധ നിരോധനം കാരണം കറവ വറ്റിയ പശുക്കളെ കശാപ്പ് ചെയ്യാനാകുന്നില്ല; മധ്യപ്രദേശില്‍ 50 പശുക്കളെ പുഴയിലെറിഞ്ഞ് കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: ഗോവധ നിരോധനം കാരണം കറവ വറ്റിയ പശുക്കളെ മാംസമാക്കാനാകാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ കര്‍ഷകര്‍ പശുക്കളെ പുഴയിലെറിഞ്ഞു. മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ 50 പശുക്കളെ പുഴയിലെറിഞ്ഞ സംഭവത്തില്‍ 20 പശുക്കള്‍ ചത്തതായി റിപ്പോര്‍ട്ട്. ചെവ്വാഴ്ച വൈകീട്ട് ബാംഹോറിലെ റെയില്‍വെ സ്‌റ്റേഷന് സമീപത്തെ പാലത്തിന് മുകളില്‍ നിന്ന് ഒരു സംഘം ആളുകള്‍ പശുക്കളെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിന്റെ വീഡിയോ സമുഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.  പ്രതികളായ ബേട്ട ബഗ്രി, രവി ബഗ്രി, രാംപാല്‍ ചൗധരി, രജിലു ചൗധരി എന്നിവര്‍ക്കെതിരെ മധ്യപ്രദേശിലെ ഗോവധ നിരോധന നിയമപ്രകാരം പൊലീസ് കേസ് എടുത്തു.

‘സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ് ക്രൈം നമ്പര്‍ 535/24 സെക്ഷന്‍ 325, ഇന്ത്യന്‍ ജസ്റ്റിസ് കോഡിന്റെ (ബിഎന്‍എസ്) 3(5), 4/9 എന്നിവ പ്രകാരം നാഗോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടാതെ ഗോവധ നിരോധന നിയമം 2004 പ്രകാരമുള്ള കേസും പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,’ സത്ന എസ്.പി എക്സ് പോസ്റ്റില്‍ കുറിച്ചു.

സംഭവത്തിന്‌ പിന്നാലെ പൊലീസ് ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്നും  എസ്.പി അവകാശപ്പെട്ടു.

ഗോവധ നിരോധന നിയമം നിലവില്‍ വന്നത് മുതല്‍ ഇത്തരത്തില്‍ പുഴകളിലും ജലാശയങ്ങളിലും പശുക്കളെ ഉപേക്ഷിക്കുന്ന കാഴ്ച മധ്യപ്രദേശില്‍ വ്യാപകമാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിയമം നിലവില്‍ വന്നതോടെ കറവ വറ്റിയ പശുക്കളെ കൊല്ലുന്നത് കുറ്റകൃത്യമായതാണ് ഇത്തരത്തില്‍ ഉപേക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. അല്ലാത്തപക്ഷം ഇവയെ പരിപാലിക്കുന്നത് കര്‍ഷകര്‍ക്ക് വന്‍ ചെലവാണ്.

ബി.ജെ.പി നേതാവ് മോഹന്‍ യാദവ് മുഖ്യമന്ത്രിയായി ചുമതലയേറ്റത് മുതല്‍ പശുക്കടത്ത്, കശാപ്പ് എന്നിവയുമായി ബന്ധപ്പെട്ട് 500 ലധികം കേസുകള്‍ സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അറുപതിലതികം പശുക്കളുടെ ജഡം കണ്ടെത്തിയതിനെത്തുടര്‍ന്ന് സിയോനി ജില്ലയിലെ പൊലീസ് സൂപ്രണ്ടിനേയും കലക്ടറേയും സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു.

തുടര്‍ന്ന് മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശത്ത് ഈദ് സമയത്ത് റെയ്ഡ് നടത്തി 100 കിലോയോളം ബീഫ് കണ്ടെത്തിയതിനെത്തുടര്‍ന്ന് 11 വീടുകള്‍ ബുള്‍ഡോസ് ചെയ്തിരുന്നു. അനധികൃത നിര്‍മാണം എന്ന പേരിലാണ്‌  പ്രാദേശിക ഭരണകൂടം 11 വീടുകള്‍ ബുള്‍ഡോസ് ചെയ്തിരുന്നത്.

Content Highlight: In Madhya Pradesh 50 cows thrown into swollen river, 20 dead

We use cookies to give you the best possible experience. Learn more