സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത് ഒരേ സിറിഞ്ച് ഉപയോഗിച്ച്; മധ്യപ്രദേശില്‍ വാക്‌സിനേറ്റര്‍ക്കെതിരെ കേസ്
national news
സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത് ഒരേ സിറിഞ്ച് ഉപയോഗിച്ച്; മധ്യപ്രദേശില്‍ വാക്‌സിനേറ്റര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2022, 8:23 am

ഭോപ്പാല്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരേ സ്‌റിഞ്ച് ഉപയോഗിച്ച് വാക്‌സിനെടുത്ത സംഭവത്തില്‍ വാക്‌സിനേറ്റര്‍ക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ സാഗര്‍ സിറ്റിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് 39 വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ച് വാക്‌സിന്‍ കുത്തിവെച്ചത്.

ബുധനാഴ്ച വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ വാക്‌സിനേറ്റര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ജിതേന്ദ്ര അഹിര്‍വാര്‍ എന്നയാള്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജെയ്ന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന മെഗാ വാക്‌സിനേഷന്‍ ഡ്രൈവിലായിരുന്നു സംഭവം. ഒരേ സൂചി ഉപയോഗിച്ച് വാക്‌സിനെടുത്ത 39 കുട്ടികളും ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവരാണ്. 15 വയസും അതിന് മുകളിലുമുള്ളവരാണ് വാക്‌സിനെടുത്ത കുട്ടികള്‍.

രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സാഗര്‍ സിറ്റിയുടെ ചുമതലയുള്ള കളക്ടര്‍ ക്ഷിതിജ് സിംഗാള്‍ ജില്ലാ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഡി.കെ. ഗോസ്വാമിയെ സ്‌കൂളിലേക്ക് അയച്ചു.

അതേസമയം, പ്രതിഷേധത്തെത്തുടര്‍ന്ന് ജിതേന്ദ്ര അഹിര്‍വാര്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായാണ് അധികൃതര്‍ പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണെന്ന് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ചീഫ് മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം കളക്ടര്‍ ജില്ലാ വാക്‌സിനേഷന്‍ ഓഫീസര്‍ക്കെതിരെ നടപടിക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ഗോപാല്‍ ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് ജിതേന്ദ്ര അഹിര്‍വാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.പി.സി 336 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, വാക്‌സിന്‍ സ്വീകരിച്ച 39 കുട്ടികളെയും ആരോഗ്യ വിദഗ്ധര്‍ പരിശോധിച്ചു. ഇതില്‍ 19 കുട്ടികളുടെ റിപ്പോര്‍ട്ട് നോര്‍മലാണ്. ബാക്കി പരിശോധനാ ഫലങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോസ്വാമി പറഞ്ഞു.

Content Highlight: In Madhya Pradesh, 39 school children administered covid vaccine with same syringe, FIR registered against vaccinator