ന്യൂദൽഹി: നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിഭവങ്ങളും സമ്പത്തും ഗൗതം അദാനിക്ക് വിറ്റുവെന്ന് ലോക്‌സഭയിൽ തൻ്റെ കന്നി പ്രസംഗം നടത്തിയ വയനാട് എം.പി പ്രിയങ്ക ഗാന്ധി. രാജ്യത്തെ 142 കോടി ജനങ്ങളിൽ ഒരു വ്യക്തിക്ക് മാത്രം പ്രത്യേക പരിഗണന നൽകുകയാണ് മോദിയെന്നും രാജ്യത്തെ മൊത്തം ജനങ്ങളുടെയും ചെലവിലാണ് അദാനിക്ക് മോദി ആനുകൂല്യങ്ങൾ നൽകുന്നതെന്നും പ്രിയങ്ക പറഞ്ഞു.
മോദി രാജ്യത്ത് ഭയത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുകയും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയും ചെയ്‌തെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. ഒപ്പം പ്രതിപക്ഷ നേതാക്കളെയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെയും താഴെയിറക്കാൻ മോദി സർക്കാർ പണം ഉപയോഗിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
തൻ്റെ മുത്തച്ഛനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്‌റുവിന് നേരെയുള്ള ബി.ജെ.പിയുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കെതിരെയും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
32 മിനിറ്റ് നീണ്ട പ്രസംഗത്തിൽ, നെഹ്‌റുവും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് പ്രിയങ്ക ഗാന്ധി എടുത്തുപറഞ്ഞു. ഇരുവരും സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. നെഹ്‌റുവിൻ്റെ പേര് പാഠപുസ്തകങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും നീക്കം ചെയ്യാമെന്നും എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലും രാഷ്ട്രനിർമാണത്തിലും അദ്ദേഹത്തിൻ്റെ പങ്ക് ഇല്ലാതാക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
ബി.ജെ.പി ഭൂതകാലത്തിലാണ് ജീവിക്കുന്നതെന്നും രാജ്യത്തിന് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചാൽ അവർ ഇന്ത്യയുടെ ഭരണഘടന തന്നെ മാറ്റുമെന്നും ആദിവാസികളുടെ അവകാശങ്ങൾ ഇല്ലാതാക്കുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. രാജ്യത്തെ കർഷകർ കരയുകയാണെന്നും എന്നാൽ ഭരണപക്ഷം അത് ഗൗനിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാക്കളെ ദ്രോഹിക്കാൻ ഭരണകക്ഷിയായ എൻ.ഡി.എ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുന്നത് അവരുടെ ശബ്ദം തകർക്കാനാണെന്നും അവർ പറഞ്ഞു.
Content Highlight: In Lok Sabha debut, Priyanka addresses Nehru-Gandhi criticism head-on