| Sunday, 4th March 2018, 1:16 pm

'പറന്നു കളിക്കാന്‍ ചെലവിട്ടത് കോടികള്‍'; ഹെലികോപ്റ്റര്‍ യാത്രകള്‍ക്കായി ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ 11 മാസം കൊണ്ടു ചെലവിട്ടത് 5.85 കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഹെലികോപ്റ്റര്‍ യാത്രകള്‍ക്കായി ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ ചെലവഴിച്ചത് 5.85 കോടി രൂപയെന്ന് വിവരാവകാശ രേഖ. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ക്ക് പല സ്ഥലങ്ങളിലേക്ക് പോകാനാണ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചത്.

മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് ചായയ്ക്കും മറ്റുമായി മാത്രം 68 ലക്ഷം രൂപ ചെലവഴിച്ചുവെന്ന വിവരാവകാശ രേഖ പുറത്തു വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നത്. സര്‍ക്കാറിന്റെ ധൂര്‍ത്തിനെതിരെ നേരത്തേ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാത്ത സര്‍ക്കാര്‍ ഇതിനായി വായ്പ്പ എടുക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.

വിവരാവകാശ പ്രവര്‍ത്തകനായ ഹേമന്ത് സിങ് ഗോണിയോ നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഹെലികോപ്റ്റര്‍ യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്. മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ നടത്തിയത് 93 യാത്രകളാണ്. ഇതില്‍ 47 എണ്ണം സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിലും 45 എണ്ണം സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററിലുമാണ്.

ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് (യു.സി.എ.ഡി.എ) ഈ വിവരങ്ങള്‍ നല്‍കിയത്. വി.ഐ.പികള്‍ക്കുള്ള ഹെലികോപ്റ്റര്‍/വിമാനയാത്രകള്‍ ഒരുക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള നോഡല്‍ ഏജന്‍സിയാണ് യു.സി.എ.ഡി.എ. മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്കായി ചെലവഴിച്ച തുക പക്ഷേ യു.സി.എ.ഡി.എ വെളിപ്പെടുത്തിയിട്ടില്ല.

ഒരു ഹെലികോപ്റ്ററും ഒരു വിമാനവുമാണ് യു.സി.എ.ഡി.എയുടെ അധീനതയില്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉത്തരവ് അനുസരിച്ചാണ് യു.സി.എ.ഡി.എ ആകാശയാത്രകള്‍ ഒരുക്കുക. വി.ഐ.പികള്‍ക്കായി സ്വകാര്യ കമ്പനികളില്‍ നിന്നുള്ള ഹെലികോപ്റ്ററുകളും യു.സി.എ.ഡി.എ ഏര്‍പ്പാടാക്കാറുണ്ട്. ഇതിനായി അഞ്ചു സ്വകാര്യ കമ്പനികളുമായി യു.സി.എ.ഡി.എയ്ക്ക് കരാറുണ്ട്.

We use cookies to give you the best possible experience. Learn more