| Wednesday, 21st September 2022, 3:43 pm

ലെസ്റ്റര്‍ സംഘര്‍ഷം; ഹിന്ദുത്വ തീവ്രവാദത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് പിന്നാലെ കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ ലെസ്റ്ററിലുണ്ടായ അക്രമ സംഭവങ്ങളിലും കലാപത്തിലും ഹിന്ദുത്വ തീവ്രവാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ (Muslim Council of Britain).

തിങ്കളാഴ്ചയായിരുന്നു എം.സി.ബി ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. തീവ്ര വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ലെസ്റ്ററിലെ മുസ്‌ലിം സമുദായാംഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് അക്രമം അഴിച്ചുവിടുകയായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.

മുഖംമൂടി ധരിച്ച നൂറുകണക്കിനാളുകള്‍ ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നത് തങ്ങള്‍ കണ്ടതായി വീഡിയോ സഹിതം സമൂഹമാധ്യമങ്ങളിലൂടെ ദൃക്സാക്ഷികള്‍ ആരോപിക്കുന്നുണ്ട്.

”ഇത് തുടര്‍ച്ചയായ പ്രകോപനങ്ങളെ തുടര്‍ന്നുണ്ടായ അക്രമമാണ്. മസ്ജിദുകള്‍ക്ക് പുറത്തുവെച്ച് മന്ത്രം ചൊല്ലല്‍, മുസ്‌ലിങ്ങള്‍ക്ക് നേരെയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍, മുസ്‌ലിം വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണം എന്നീ പ്രകോപനങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പിന്നീട് ഇരു സമുദായങ്ങളില്‍ നിന്നുമുള്ള യുവാക്കളുടെ സംഘം പ്രതിഷേധത്തിനായി തെരുവിലിറങ്ങി, അത് ശാരീരികമായ ആക്രമണങ്ങളിലും സംഘര്‍ഷത്തിലും കലാശിച്ചു,” മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ വ്യക്തമാക്കി.

ബ്രിട്ടനിലെ വര്‍ധിച്ചുവരുന്ന ഹിന്ദുത്വ ഭീകരതക്കെതിരെ സിഖ് കമ്മ്യൂണിറ്റിയില്‍ നിന്നടക്കം വിവിധ വിഭാഗത്തില്‍ പെട്ടവര്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച, അക്രമത്തെ അപലപിച്ചുകൊണ്ടും സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടും ലണ്ടനിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനും പ്രസ്താവന പുറത്തുവിട്ടിരുന്നു. തിങ്കളാഴ്ച ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും സംഭവത്തെ അപലപിച്ചിരുന്നു.

നേരത്തെ അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു, മുസ്‌ലിം കമ്മ്യൂണിറ്റിയില്‍ നിന്നുള്ള നേതാക്കള്‍ സംയുക്തമായി പ്രസ്താവന പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ മാസം (ഓഗസ്റ്റ് 28) ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കമാണ് കഴിഞ്ഞയാഴ്ച ലെസ്റ്ററില്‍ ഹിന്ദു, മുസ്‌ലിം കമ്മ്യൂണിറ്റികളിലെ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ചത്.

സംഭവത്തില്‍ ഇതുവരെ 47 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ലെസ്റ്ററിലെ തെരുവുകളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടനിലെ ലെസ്റ്റര്‍ നഗരത്തിലെ മൊത്തം ജനസംഖ്യയായ 3,29,000ല്‍ കാല്‍ ഭാഗത്തിലധികവും ഹിന്ദുക്കളും മുസ്‌ലിങ്ങളുമായ ബ്രിട്ടീഷ് ഇന്ത്യന്‍സാണ്. 2011ലെ സെന്‍സസ് പ്രകാരമുള്ള കണക്കാണിത്.

Content Highlight: In Leicester violence Muslim Council of Britain calls for action against Hindutva extremism

We use cookies to give you the best possible experience. Learn more