| Monday, 22nd August 2022, 9:17 am

കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ പുതിയേടത്ത് ചന്ദ്രികയാണ് (53) മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. പേരാമ്പ്ര കൂത്താളിയില്‍ വെച്ച് കഴിഞ്ഞമാസം 21നായിരുന്നു ഇവര്‍ക്ക് നായയുടെ കടിയേറ്റത്. മുഖത്തായിരുന്നു കടിയേറ്റത്.

അതേസമയം പേവിഷ ബാധക്കെതിരെ വാക്‌സിന്‍ എടുത്തിരുന്നെന്നും എന്നിട്ടും മരണം സംഭവിച്ചുവെന്നുമാണ് ചന്ദ്രികയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

പത്ത് ദിവസം മുമ്പ് ഇവര്‍ക്ക് പനിയും അണുബാധയുമുണ്ടാകുകയും പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തു. ഇതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പേവിഷബാധയുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ചന്ദ്രികക്ക് പുറമെ മറ്റ് നാല് പേര്‍ക്ക് കൂടി ഇതേദിവസം തെരുവ് നായയുടെ കടിയേറ്റിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇവരെ കടിച്ച നായക്ക് പേവിഷബാധയുണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്ന് സ്ഥിരീകരിക്കണമെങ്കില്‍ പരിശോധനാ ഫലങ്ങള്‍ വരേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത്.

കോടതി ഉത്തരവ് പ്രകാരം നിര്‍ത്തിവെച്ചിരിക്കുന്ന നായകളെ വന്ധ്യംകരിക്കുന്ന നടപടികള്‍ ഉടന്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാവണമെന്നും അല്ലാത്തപക്ഷം തെരുവുനായകളുടെ ആക്രമണം ഇനിയും ആവര്‍ത്തിക്കുമെന്നുമാണ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

Content Highlight: In Kozhikode Woman died after being bitten by stray dog

We use cookies to give you the best possible experience. Learn more