| Monday, 7th October 2024, 10:00 am

കൊല്‍ക്കത്തയില്‍ വനിത സിവിക് വളണ്ടിയറെ പൊലീസ് സ്റ്റേഷനില്‍ വെച്ച് എസ്.ഐ പീഡിപ്പിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍വെച്ച് വനിതാ സിവിക് വളണ്ടിയറെ എസ്.ഐ പീഡിപ്പിച്ചതായി പരാതി.

ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അതിക്രമം നടന്നത്. ദുര്‍ഗാ പൂജയ്ക്ക് വസ്ത്രങ്ങള്‍ നല്‍കാനെന്ന വ്യാജേന എസ്.ഐ ശുചിമുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ യുവതി ജോലി ചെയ്യുന്ന പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കും ഡി.സി സൗത്തിലേക്കും പരാതി കൈമാറിയതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു. യുവതി 2017 മുതല്‍ സിവിക് വളണ്ടിയറായി പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്ത് വരികയായിരുന്നു.

‘ദുര്‍ഗാപൂജയ്ക്ക് വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കാനെന്ന വ്യാജേന വിളിച്ചുവരുത്തി പ്രതിയായ പൊലീസുകാരന്‍ പീഡിപ്പിച്ചുവെന്നാണ് ആരോപണം. യുവതിയുടെ പരാതിയിന്മേല്‍ അന്വേഷണം പുരോഗമിക്കുകയാണ്,’ അന്വേഷണ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.

Content Highlight: In Kolkata, a woman civic volunteer complained that SI tortured her at the police station

We use cookies to give you the best possible experience. Learn more