| Sunday, 15th January 2023, 9:48 am

'രാത്രി പത്ത് മണിക്ക് ശേഷം പുറത്തിറങ്ങരുത്, അതിഥികള്‍ പാടില്ല, മറ്റ് ജെന്‍ഡറില്‍ പെട്ടവര്‍ വരരുത്'; കൊച്ചിയില്‍ ഫ്‌ളാറ്റില്‍ സദാചാര പൊലീസിങ്ങെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഫ്‌ളാറ്റില്‍ സദാചാര പൊലീസിങ് നടത്തുന്നതായി പരാതി. കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തുള്ള ഒലിവ് കോര്‍ട്‌യാര്‍ഡ് ഫ്‌ളാറ്റിന്റെ അസോസിയേഷനെതിരെയാണ് 64 കുടുംബങ്ങള്‍ ചേര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

അസോസിയേഷന്‍ സദാചാര പൊലീസിങ് നടത്തുന്നുവെന്നും വിചിത്രമായ നിയമങ്ങളാണ് ഫ്‌ളാറ്റില്‍ നടപ്പാക്കുന്നതെന്നുമാണ് പരാതിയില്‍ പറയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

രാത്രി പത്ത് മണിക്ക് ശേഷം ഗസ്റ്റിനെ അനുവദിക്കില്ല, രാത്രി പുറത്തിറങ്ങി നടക്കരുത്, മറ്റ് ജെന്‍ഡറില്‍ പെട്ട അതിഥികള്‍ പാടില്ല എന്നിങ്ങനെയാണ് അസോസിയേഷന്റെ നിയമങ്ങളിലുള്ളത്. ഫ്‌ളാറ്റില്‍ ദിവസവും തിരിച്ചറിയല്‍ രേഖാ പരിശോധന നടത്തുന്നുണ്ടെന്നും താമസക്കാര്‍ പറയുന്നു.

ഫ്‌ളാറ്റിലെ അവിവാഹിതരായ ആളുകള്‍ സുഹൃത്തുക്കളെ ക്ഷണിക്കുകയാണെങ്കില്‍ അവരെ ‘സദാചാര വിരുദ്ധരാ’യി മുദ്ര കുത്തുന്നുണ്ടെന്നും ഫ്‌ളാറ്റുടമകളില്‍ നിന്നും ശാരീരികമായും മാനസികമായും പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും പരാതിയിലുണ്ട്.

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ഐ.ടി പ്രൊഫഷണലുകളടക്കമുള്ളവരാണ് അസോസിയേഷന്റെ നടപടികളില്‍ ബുദ്ധിമുട്ടുണ്ടെന്നറിയിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വെള്ളത്തിന്റെയും കുക്കിങ് ഗ്യാസിന്റെയും ബില്ലുകളിന്മേലുള്ള ക്രമക്കേടുകള്‍ പരിശോധിക്കണമെന്നും പരാതിക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

”ഞങ്ങളുടെ അപ്പാര്‍ട്മെന്റിന്റെ ഉടമകള്‍ ദൂര സ്ഥലങ്ങളിലാണ് താമസിക്കുന്നത്. അപ്പാര്‍ട്ട്മെന്റില്‍ തന്നെ താമസിക്കുന്ന 20- 30 ഉടമകളാണ് അസോസിയേഷന്‍ ഇപ്പോള്‍ ഭരിക്കുന്നത്.

അവര്‍ ഞങ്ങള്‍ക്കെതിരെ എല്ലാത്തരത്തിലുമുള്ള സദാചാര പൊലീസിങ് നടപടികളാണ് അഴിച്ചുവിടുന്നത്. ഈ സദാചാര നിയമങ്ങളുപയോഗിച്ച് ഇവര്‍ ഞങ്ങളെ പീഡിപ്പിക്കുകയും ഫ്‌ളാറ്റുടമകള്‍ക്ക് മേല്‍ ഞങ്ങളെ പുറത്താക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ്,” പരാതിക്കാരിലൊരാളായ ജിഷ രാജന്‍ ദ ന്യൂസ് മിനിട്ടിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

അസോസിയേഷന്റെ നിര്‍ദേശപ്രകാരം ജോലി ചെയ്തുവരുന്ന സുരക്ഷാ ജീവനക്കാരില്‍ ചിലര്‍ അതിഥികളായ സ്ത്രീകളോട് വളരെ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

ഫ്‌ളാറ്റിലെ വാടകക്കാരില്‍ പലരും ഇന്‍ഫോ പാര്‍ക്കിലാണ് ജോലി ചെയ്യുന്നത്. ഷിഫ്റ്റ് മാറിക്കഴിഞ്ഞാല്‍ സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ സ്ത്രീകളെ ഡ്രോപ് ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ ഇങ്ങനെ വരുന്ന സ്ത്രീകളെ പലപ്പോഴും ഫ്‌ളാറ്റിന്റെ ഗേറ്റില്‍ തടഞ്ഞുനിര്‍ത്തി മാനസികമായും വെര്‍ബലിയും പീഡിപ്പിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.

ഫ്‌ളാറ്റിലെ വാടകക്കാരായ പലരുടെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രായമായ മാതാപിതാക്കളെയും വരെ രാത്രി പത്ത് മണിക്ക് ശേഷം സെക്യൂരിറ്റി ജീവനക്കാര്‍ ഗേറ്റില്‍ തടഞ്ഞുനിര്‍ത്തിയിട്ടുണ്ടെന്നും പലപ്പോഴും തിരിച്ചയച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നതായി ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ടിലുണ്ട്.

മാത്രമല്ല അതിഥികളായെത്തുന്നവര്‍ ഫ്‌ളാറ്റില്‍ ഒപ്പം താമസിക്കുകയാണെങ്കില്‍ അവരില്‍ നിന്ന് ഓണേഴ്സ് അസോസിയേഷന്‍ പ്രതിദിനം 250 രൂപ ഈടാക്കുന്നതായും പരാതിയുണ്ട്.

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെ ഹീര ട്വിന്‍സ് അപ്പാര്‍ട്മെന്റിനെതിരെയും സമാനമായ രീതിയില്‍ സദാചാര പൊലീസിങ് പരാതി ഉയര്‍ന്നിരുന്നു. അപ്പാര്‍ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വാടകക്കാര്‍ക്കെതിരെ വിവേചനപരമായ നിയമങ്ങള്‍ ചുമത്തിക്കൊണ്ട് അപ്പാര്‍ട്ട്മെന്റുടമകളുടെ അസോസിയേഷന്‍ നല്‍കിയ നോട്ടീസ് പരാതിക്കാര്‍ പുറത്തുവിടുകയായിരുന്നു.

അടുത്ത ബന്ധുക്കളല്ലാതെ വ്യത്യസ്ത ജെന്‍ഡറില്‍ പെട്ട സന്ദര്‍ശകരെ അനുവദിക്കില്ല, എല്ലാ വാടകക്കാരും അവരുടെ ആധാറും ഫോണ്‍ നമ്പറുകളും അവരുടെ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ നമ്പറിനൊപ്പം സമര്‍പ്പിക്കണം എന്നിങ്ങനെയായിരുന്നു ‘അസോസിയേഷന്‍ നിയമ’ത്തില്‍ പറഞ്ഞിരുന്നത്.

Content Highlight: In Kochi complaint against flat owners who were accused of moral policing

We use cookies to give you the best possible experience. Learn more