ഫൈറ്റ് മാസ്റ്ററുമായി തർക്കമുണ്ടായി; ഫൈറ്റ് രംഗത്തിൽ മോഹൻലാലിന് ശരിക്കും അടി കിട്ടി: സിബി മലയിൽ
Film News
ഫൈറ്റ് മാസ്റ്ററുമായി തർക്കമുണ്ടായി; ഫൈറ്റ് രംഗത്തിൽ മോഹൻലാലിന് ശരിക്കും അടി കിട്ടി: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th October 2023, 2:16 pm

കിരീടം സിനിമയിൽ ഫൈറ്റ് മാസ്റ്ററുമായുള്ള തർക്കത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. സിനിമയിലെ ഇന്റെർവെല്ലിൽ മുൻപുള്ള സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്താണ് തർക്കമുണ്ടായതെന്നും ഫൈറ്റ് എത് രീതിയില്‍ ചിത്രീകരിക്കും എന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കമെന്നും സിബി മലയില്‍ പറഞ്ഞു. എന്നാൽ അതിൽ മോഹൻലാൽ ഇടപെട്ടുവെന്നും സിബി മലയിൽ പറഞ്ഞു.


മോഹൻലാലിനെയും കീരിക്കാടൻജോസിനെയും അടിക്കാൻ വേണ്ടി അഴിച്ചുവിട്ടെന്നും മോഹൻരാജിന് ഫൈറ്റ് സീനുകൾ അഭിനയിച്ച് പരിചയമില്ലാത്തതുകൊണ്ട് മോഹൻലാലിന് ഒരുപാട് അടി കൊള്ളേണ്ടി വന്നെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കിരീടത്തിലെ ഇന്റർവെൽ സീനിന് മുൻപുള്ള ഫൈറ്റ് രംഗം നമ്മൾ ചിത്രീകരിക്കാൻ തുടങ്ങിയ സമയത്ത് ഫൈറ്റ് മാസ്റ്റർ വന്നിട്ട് അവരുടെ സ്ഥിരം പഞ്ച് ബ്ലോക്ക് പോലെയുള്ള ശീലിച്ചു പോന്ന സംഘടന രംഗങ്ങളുടെ ചിത്രീകരണത്തിന്റെ രീതിയിൽ ഇതിനെ കമ്പോസ് ചെയ്ത് തുടങ്ങുകയാണ്.

എന്നിട്ട് എന്നോട് ഇങ്ങനെ മതിയോ എന്ന് പറഞ്ഞ് ചില ആക്ഷൻ രംഗങ്ങൾ കാണിച്ചു തന്നു. വളരെ നാച്ചുറൽ ആയിട്ട് ഒന്നും പ്ലാൻ ചെയ്യാത്ത ഫൈറ്റ് രംഗങ്ങളാണ് വേണ്ടതെന്നും, തെരുവിൽ രണ്ടാളുകൾ വൈകാരികമായിട്ട്, ഇമോഷണലായിട്ട്, എങ്ങനെ പ്രതികരിക്കും എന്ന രീതിയിലുള്ള, പ്ലാൻഡ് അല്ലാത്ത ഫൈറ്റാണ് വേണ്ടതെന്നും പറഞ്ഞു.

ഞാൻ പറയുന്നത് ഉൾക്കൊള്ളാൻ ഫൈറ്റ് മാസ്റ്ററിന് പറ്റുന്നില്ല, ഞാൻ പറയുന്ന രീതിയിൽ ചെയ്യാൻ അദ്ദേഹത്തിന് അറിയില്ല. ഇതെല്ലാം ലാൽ കണ്ടു നിൽക്കുന്നുണ്ട്. എന്താ പ്രശ്നമെന്ന് ലാൽ എന്നോട് ചോദിച്ചു.’എനിക്ക് സ്വാഭാവികമായിട്ടുള്ള ഫൈറ്റ് മതി, ഉന്തും തള്ളുമൊക്കെയായിട്ടുള്ള ഫൈറ്റാണ് വേണ്ടത്. ഒരാളുടെ ലക്ഷ്യം തന്റെ അച്ഛനെ സംരക്ഷിക്കുക എന്നതാണ്, ഗുണ്ടയുടെ ലക്ഷ്യമെന്തെന്നാൽ തന്നെ ആക്രമിക്കാൻ ഇയാൾ ആരാണെന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് നമുക്ക് വേണ്ടത്’ എന്ന് ഞാൻ പറഞ്ഞു.

‘സിബിക്ക് എന്താ വേണ്ടതെന്ന് എനിക്ക് മനസ്സിലായി, എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞാൽ ഞാൻ അങ്ങനെ ചെയ്യാമെന്ന്’ ലാൽ എന്നോട് പറഞ്ഞു. മാസ്റ്റർ അവിടെ നിന്നുകൊണ്ട്, ലാൽ അങ്ങോട്ട് ഇറങ്ങി. ലാലിന് തോന്നുന്ന രീതിയിൽ ചവിട്ടുകയോ ഉന്തുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ. ‘മോഹൻലാൽ എങ്ങനെയൊക്കെ അടിക്കാൻ വരുന്നു അതിനൊക്കെ തിരിച്ചടിക്കാൻ പറ്റുന്ന പോലെ ചെയ്തുകൊള്ളാൻ’ കീരിക്കാടൻ ജോസിനോട് പറയുകയും ചെയ്തു.

ക്യാമറയുടെ പരിധിക്കുള്ളിൽ നിന്ന് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യണമെന്നും, ക്യാമറക്ക് പുറത്തേക്കു പോകുമ്പോൾ മാത്രമേ ഞാൻ കട്ട് ചെയ്യാൻ പറയുകയുള്ളൂ എന്നും, അതുവരെ എന്തുവേണമെങ്കിലും ചെയ്യാമെന്നും പറഞ്ഞു. മോഹൻരാജിന് അധിക സിനിമകൾ ചെയ്തു പരിചയമില്ല. അതുപോലെ ഇങ്ങനെയൊരു വലിയ സംഘടന രംഗം ചെയ്ത് ശീലവുമില്ല. ഒരു ഫൈറ്റ് മാസ്റ്ററുടെ ഗൈഡൻസ് ഇല്ലാത്ത സന്ദർഭത്തിലാണ് നിൽക്കുന്നത്.

എന്നാൽ മോഹൻലാലിന് കൃത്യമായി ഫൈറ്റ് ചെയ്തിട്ട് ഒരുപാട് എക്സ്പീരിയൻസ് ഉള്ള, ടൈമിങ്ങുള്ള ഒരാളാണെന്ന് നമുക്ക് കൃത്യമായിട്ട് അറിയാവുന്ന കാര്യമാണ്. ഇവരെ രണ്ടുപേരെയും അഴിച്ചു വിട്ടപ്പോൾ അടിയുടെ നല്ല സൗണ്ട് കേൾക്കാം. ലാലടിക്കുമ്പോൾ ദേഹത്ത് തൊടാതെയാണ് അടിക്കുന്നത്. പക്ഷേ മോഹൻ രാജിന് അത് അറിയില്ല. മോഹൻരാജ് അടിക്കുന്ന അടിയൊക്കെ ലാലിനിട്ട് കിട്ടുന്നുണ്ട്. ഞാൻ കട്ട് ചെയ്യാൻ പറയുന്നുമില്ല, അടി നന്നായി കിട്ടുന്നുണ്ട്. കട്ട് പറഞ്ഞപ്പോൾ ലാൽ വന്ന് എന്നോട് പറഞ്ഞു, നന്നായി അടി കിട്ടിയിട്ടുണ്ട് എന്ന്. പക്ഷേ ലാലിന് ആ കാര്യത്തിൽ പരിഭവം ഒന്നും ഇല്ലായിരുന്നു,’ സിബി മലയിൽ പറഞ്ഞു.

 

In Kireedam movie the fight master argued with sibi malayil