യു.ഡി.എഫിന് ഏഴ് മണ്ഡലങ്ങളില്‍ ഒരു ലക്ഷം വോട്ടിന്റെ ലീഡ്; രാഹുല്‍ ഗാന്ധിയും കുഞ്ഞാലിക്കുട്ടിയും മുന്നില്‍
D' Election 2019
യു.ഡി.എഫിന് ഏഴ് മണ്ഡലങ്ങളില്‍ ഒരു ലക്ഷം വോട്ടിന്റെ ലീഡ്; രാഹുല്‍ ഗാന്ധിയും കുഞ്ഞാലിക്കുട്ടിയും മുന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 3:34 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കേരളത്തില്‍ യു.ഡി.എഫിന് കൃത്യമായ മേല്‍ക്കൈ. ആകെയുള്ള 20 മണ്ഡലങ്ങളിലെ 19ലും യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. പകുതിയോളം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ഏഴിടങ്ങളില്‍ ഒരു ലക്ഷം വോട്ടിന്റെ ലീഡ് യു.ഡി.എഫ് നേടി.

കൊല്ലം, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, ഇടുക്കി, എറണാകുളം, വയനാട് തുടങ്ങി മണ്ഡലങ്ങളിലാണ് യു.ഡി.എഫ് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ലീഡ് നേടി വിജയം ഉറപ്പിച്ചത്. ഇതില്‍ വയനാടും മലപ്പുറവും ഭൂരിപക്ഷം രണ്ട് ലക്ഷം പിന്നിട്ടു.

വയനാട് രാഹുല്‍ ഗാന്ധി 341743 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി 246624 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് 171050 വോാട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. എറണാകുളത്ത് ഹൈബി ഈഡന്‍ 169618 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ 168859 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ആലത്തൂരില്‍ രമ്യാ ഹരിദാസ് 158302 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. കൊല്ലത്ത് എന്‍.കെ പ്രോമചന്ദ്രന്‍ 128395 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

19 മണ്ഡലങ്ങളില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫ് ലീഡ് തുടരുന്നത്. ദേശീയ തലത്തില്‍ ബി.ജെ.പി ഇതിനകം തന്നെ കേവലഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. 348 സീറ്റുകളിലാണ് എന്‍.ഡി.എ മുന്നിട്ടു നില്‍ക്കുന്നത്. യു.പി.എ 86 സീറ്റുകളിലും മറ്റു പാര്‍ട്ടികള്‍ 108 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്.

മെയ് 26ന് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍. അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷ പദവി ഒഴിയും. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.