ബംഗളുരു: കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ തിരിച്ചടിയുണ്ടാവുമെന്ന് കോണ്‍ഗ്രസ്. ഏഴ് ബി.ജെ.പി എം.എല്‍.എമാര്‍ ഭരണകക്ഷിയുമായി അടുപ്പം പുലര്‍ത്തുന്നുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു.
ഇത്തരം നീക്കങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ദിനേഷ് ഗുണ്ടു റാവു മുന്നറിയിപ്പു നല്‍കി. ” അവര്‍ അതു ചെയ്താല്‍ ഞങ്ങള്‍ നോക്കി നില്‍ക്കില്ല. രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ ഞങ്ങളുമായി അടുപ്പം സൂക്ഷിക്കുന്നുണ്ട്. അഞ്ചുപേര്‍ ജെ.ഡി.എസുമായും” അദ്ദേഹം പറഞ്ഞു.
അതേസമയം ദിനേഷ് ഗുണ്ടു റാവുവിന്റെ ആരോപണങ്ങള്‍ ബി.ജെ.പി സഹ വക്താവ് എസ് പ്രകാശ് തള്ളി. അദ്ദേഹം ബി.ജെ.പിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സംതൃപ്തരല്ലെങ്കില്‍ അവരെ ഒരുമിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണ്. ഭരണകക്ഷിക്കൊപ്പമുള്ള ബി.ജെ.പി എം.എല്‍.എമാരുടെ പേരുവെളിപ്പെടുത്താന്‍ അദ്ദേഹം ഗുണ്ടു റാവുവിനെ വെല്ലുവിളിക്കുകയും ചെയ്തു.
Also Read:കോണ്‍ഗ്രസ് ഐ.സി.യുവില്‍, ജീവന്‍ രക്ഷിക്കാന്‍ മറ്റ് പാര്‍ട്ടികളെ കൂടെ നിര്‍ത്തുകയാണ്: നരേന്ദ്രമോദി
തങ്ങളുടെ എം.എല്‍.എമാരെ സ്വാധീനിച്ചുകൊണ്ട് കര്‍ണാടകയിലെ മൂന്നുമാസം പ്രായമായ സര്‍ക്കാറിനെ അനിശ്ചിതത്വത്തിലാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസും ജെ.ഡി.എസും നേരത്തെ രംഗത്തുവന്നിരുന്നു.
മറ്റൊരു “ഓപ്പറേഷന്‍ താമര” നടപ്പിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ജെ.ഡി.എസ് നേതാവും മന്ത്രിയുമായ സാ റാ മഹേഷ് പറഞ്ഞു. 2008ല്‍ കേവലഭൂരിപക്ഷത്തിന് മൂന്ന് സീറ്റ് കുറവുണ്ടായിരുന്ന ബി.ജെ.പി എതിര്‍പാര്‍ട്ടികളിലെ എം.എല്‍.എമാരുടെ പിന്തുണ തേടി അധികാരത്തിലിരുന്നിരുന്നു. ആ സമയത്താണ് “ഓപ്പറേഷന്‍ താമര” എന്ന പേരുരൂപപ്പെട്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുമിച്ച് നിന്ന് നേരിടുമെന്ന് കോണ്‍ഗ്രസും ജെ.ഡി.എസും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബി.ജെ.പി അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ജെ.ഡി.എസും കോണ്‍ഗ്രസും ഒരുമിച്ചു നിന്നാല്‍ അത് കര്‍ണാടകയിലെ ബി.ജെ.പിയുടെ പ്രകടനത്തെ തീര്‍ച്ചയായും ബാധിക്കുമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.