'ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത് പള്ളിമിനാരം പോലെ'; ബുള്‍ഡോസര്‍ കൊണ്ടുവന്ന് പൊളിച്ചുമാറ്റുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.പി
national news
'ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത് പള്ളിമിനാരം പോലെ'; ബുള്‍ഡോസര്‍ കൊണ്ടുവന്ന് പൊളിച്ചുമാറ്റുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th November 2022, 1:21 pm

ബെംഗളൂരു: മൈസൂര്‍- ഊട്ടി റോഡിലുള്ള ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.പി.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത് മുസ്‌ലിം പള്ളികളുടേതിന് സമാനമായ താഴികക്കുടം പോലെയുള്ള ഘടനകള്‍ ഉപയോഗിച്ചാണ് എന്നാണ് കര്‍ണാടകയിലെ മൈസൂര്‍- കൊടക് എം.പിയായ പ്രതാപ് സിംഹ (Prathap Simha) ആരോപിക്കുന്നത്. അധികൃതര്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ ഇത് താന്‍ തന്നെ ജെ.സി.ബി ഉപയോഗിച്ച് പൊളിക്കുമെന്നാണ് എം.പിയുടെ ഭീഷണി.

ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള ‘ടിപ്പു നിജകനസുഗലു’ (Tipu Nijakanasugalu / Real dreams of Tipu) എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മൈസൂരില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ബി.ജെ.പി എം.പിയുടെ വിവാദ പരാമര്‍ശം.

”താഴികക്കുടങ്ങളുള്ള ഒരു ബസ് സ്റ്റോപ്പിന്റെ ചിത്രങ്ങള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. അതില്‍ മൂന്ന് താഴികക്കുടങ്ങളുണ്ട്. ഒരു വലിയതും അതിന്റെ രണ്ട് വശത്തുമായി രണ്ട് ചെറിയതും.

അത് ഒരു മസ്ജിദാണ്. ആ നിര്‍മിതി പൊളിച്ചുമാറ്റണമെന്ന് ഞാന്‍ എഞ്ചിനീയര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരത് ചെയ്തില്ലെങ്കില്‍ ഞാന്‍ തന്നെ ഒരു ജെ.സി.ബിയെടുത്ത് ആ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റും,” ബി.ജെ.പി എം.പി പ്രതാപ് സിംഹ പറഞ്ഞു.

ബി.ജെ.പി എം.എല്‍.എ എസ്.എ. രാംദാസ് പ്രതിനിധീകരിക്കുന്ന കൃഷ്ണരാജ അസംബ്ലി മണ്ഡലത്തിലാണ് ബസ് സ്റ്റോപ് വരുന്നതെന്നും എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് മൈസൂര്‍ സിറ്റി അധികൃതരാണ് ബസ് സ്‌റ്റോപ് നിര്‍മിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എം.പി പ്രതാപ് സിംഹയുടെ പരാമര്‍ശം തീര്‍ത്തും ‘നിര്‍ഭാഗ്യകരമാണ്’ എന്നാണ് എം.എല്‍.എ എസ്.എ. രാംദാസ് പ്രതികരിച്ചത്. ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചത് മൈസൂര്‍ കൊട്ടാരത്തിന്റെ നിര്‍മിതിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

മൈസൂരിലെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാംദാസ് ഉള്‍പ്പെടെ നിരവധി ബി.ജെ.പി എം.എല്‍.എമാരുമായി കഴിഞ്ഞ മാസങ്ങളില്‍ നിരന്തരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നയാളാണ് പ്രതാപ് സിംഹ.

നഗരത്തിലെ റോഡുകള്‍ കുഴിച്ച് ഗ്യാസ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന, പ്രതാപ് സിംഹയുടെ പിന്തുണയുള്ള പദ്ധതിയെ രാംദാസും മറ്റൊരു ബി.ജെ.പി എം.എല്‍.എയായ എല്‍. നാഗേന്ദ്രയും എതിര്‍ത്തിരുന്നു.

ഈ വര്‍ഷമാദ്യം, എം.പി പ്രതാപ് സിംഹ പദ്ധതി ആരംഭിച്ച സമയത്ത്, നഗരത്തിലെ റോഡുകള്‍ വലിയ തോതില്‍ കുഴിച്ചെടുക്കുന്ന ഈ പ്രോജക്ടിനെ പിന്തുണക്കരുതെന്ന് മൈസൂരിലെ കൗണ്‍സിലര്‍മാരോട് രാംദാസ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടെന്നായിരുന്നു പ്രതാപ് സിംഹയുടെ വാദം.

Content Highlight: In Karnataka BJP MP Prathap Simha threatens to demolish a bus stand in Mysuru with dome-like structure