റാഞ്ചി: ജാര്‍ഖണ്ഡില്‍ ജെ.എം.എം ഭരണത്തിന് കീഴില്‍ റോഹിങ്ക്യന്‍ വംശജര്‍ ഗോത്രവിഭാഗക്കാരുടെ ഭൂമി തട്ടിയെടുക്കുന്നതായി ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി നദ്ദ.
സംസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിച്ച പരിവര്‍ത്തന്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതാണ് ഗോത്രവര്‍ഗക്കാരുടെ എണ്ണം കുത്തനെ ഇടിയാന്‍ കാരണമായതെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍ ഗോത്രജനസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
മുതിര്‍ന്ന ആദിവാസി നേതാവ് ചമ്പായ് സോറന്‍, ഹേമന്ത് സോറന്‍ ജയിലില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം രാജിവെക്കാന്‍ നിര്‍ബന്ധിതനായെന്നും ഇത് അദ്ദേഹത്തിനെ അപമാനിക്കുന്നതിന് തുല്യമായി പോയെന്നും നദ്ദ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘സംസ്ഥാനത്ത് ആദിവാസികളുടെ ജനസംഖ്യ 44% ല്‍ നിന്ന് 28% ആയി കുറഞ്ഞു. റോഹിങ്ക്യകള്‍ ഉള്‍പ്പെടെയുള്ള നുഴഞ്ഞുകയറ്റക്കാര്‍ ഗോത്രവര്‍ഗക്കാരുടെ ഭൂമി തട്ടിയെടുക്കുകയും ആദിവാസികളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്നാല്‍ ജെ.എം.എം അവരെ വോട്ടിനായി സംരക്ഷിക്കുന്നു,’ നദ്ദ ആരോപിച്ചു.
ഇതാദ്യമായല്ല ജാര്‍ഖണ്ഡിലെ കുടിയേറ്റക്കാര്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ വിദ്വേഷകരമായ പരാമര്‍ശം നടത്തുന്നത്. ആദിവാസി സ്ത്രീകളെ വിവാഹം കഴിച്ച് മുസ്ലിം നുഴഞ്ഞുകയറ്റക്കാര്‍ ജാര്‍ഖണ്ഡില്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷായും ഇതിന് മുമ്പ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദം തെറ്റാണെന്ന് പിന്നീട് സ്‌ക്രോള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
ബംഗ്ലാദേശി മുസ്ലിങ്ങള്‍ സ്വത്ത് തട്ടിയെടുക്കാനായി വിവാഹം ചെയ്ത ഇന്ത്യന്‍ സ്ത്രീകളുടേതെന്ന് പറയപ്പെടുന്ന ഒരു പട്ടികയെ ഉദ്ധരിച്ചായിരുന്നു ഷായുടെ പ്രസ്താവന. ബി.ജെ.പി സര്‍ക്കാര്‍ പ്രചരിപ്പിച്ച പട്ടികയിലെ പല സ്ത്രീകളും മുസ്ലിം പുരുഷന്മാരെ വിവാഹം കഴിച്ചിട്ടില്ലെന്നും ചിലര്‍ക്ക് കുടുംബ സ്വത്തിന്മേല്‍ അവകാശം പോലും ഇല്ലായിരുന്നെന്നും റിപ്പോട്ടില്‍ പറയുന്നു.