national news
ജാര്‍ഖണ്ഡില്‍ ബി.ജെ.പി എം.എല്‍.എ ജയ് പ്രകാശ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 20, 07:52 am
Wednesday, 20th March 2024, 1:22 pm

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബി.ജെ.പി എം.എല്‍.എ ജയ് പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി വിട്ട ജയ് പ്രകാശ് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജയ് പ്രകാശ് പാര്‍ട്ടി വിട്ടത് സംസ്ഥാന തലത്തില്‍ ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണ്ടു നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ജയ് പ്രകാശ്. മുമ്പ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ എം.എല്‍.എ ആയിരുന്നു.

‘ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് അത്യാഗ്രഹത്തിനും പദവിക്കും വേണ്ടിയല്ല. പ്രത്യയശാസ്ത്രത്തിനും സംസ്ഥാനത്തിനും വേണ്ടിയുള്ള എന്റെ പിതാവും മുന്‍ എം.പിയായിരുന്ന ടെക് ലാല്‍ മഹ്‌തോയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണ്,’ ജയ് പ്രകാശ് പറഞ്ഞു.

എന്‍.ഡി.എ സഖ്യത്തില്‍ നിന്നുകൊണ്ട് പിതാവിന്റെ പ്രത്യയശാസ്ത്രം കണ്ടെത്താന്‍ തനിക്ക് കഴിയുന്നില്ലെന്നും അതിനാല്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്നും മുന്‍ ബി.ജെ.പി എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ 14 ലോക്സഭാ സീറ്റുകളിലും ഇന്ത്യാ സഖ്യത്തിന്റെ വിജയം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹസാരിബാഗ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധികരിച്ച് മത്സരിച്ചേക്കുമെന്ന സൂചനയും ജയ് പ്രകാശ് നല്‍കി.

ജാര്‍ഖണ്ഡില്‍ എ.ഐ.സി.സി ചുമതലയുള്ള ഗുലാം അഹമ്മദ് മിര്‍, ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് താക്കൂര്‍, ജാര്‍ഖണ്ഡ് മന്ത്രി ആലംഗീര്‍ ആലം, പാര്‍ട്ടിയുടെ മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര എന്നിവരുടെ സാന്നിധ്യത്തിലാണ് ജയ് പ്രകാശ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Content Highlight: In Jharkhand, BJP MLA Jai Prakash Patel has joined the Congress