national news
ജാര്‍ഖണ്ഡിലെ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിനിടെ യുവാക്കള്‍ മരണപ്പെട്ട സംഭവം; പ്രതിഷേധം, അന്വേഷണത്തിന് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 07, 01:09 pm
Saturday, 7th September 2024, 6:39 pm

റാഞ്ചി: ജാര്‍ഖണ്ഡില്‍ എക്‌സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട് പരീക്ഷയ്ക്കിടെ 12 യുവാക്കള്‍ മരണപ്പെട്ട സംഭവം വിവാദത്തില്‍. ഫിസിക്കല്‍ ടെസ്റ്റിന്റെ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ യുവാക്കളുടെ മരണത്തിന് കാരണമായെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി.

ഫിറ്റ്‌നസ് നിലവാരം പരിശോധിക്കാതിരുന്നത്, 1.6 കിലോമീറ്ററിനുപകരം 10 കിലോമീറ്റര്‍ ഓടണമെന്ന പുതിയ ചട്ടം, അമിതമായ ചൂട് എന്നിവ ഉദ്യോഗാര്‍ത്ഥികളുടെ മരണത്തിന് കാരണമായെന്നാണ് വിമര്‍ശനം.

പാലാമു സ്വദേശികളായ അമ്രേഷ് കുമാര്‍, പ്രദീപ് കുമാര്‍, അജയ് മഹാതോ, അരുണ്‍ കുമാര്‍, ദീപക് കുമാര്‍ പാണ്ഡു, ഹസാരിബാഗില്‍ നിന്നുള്ള മനോജ് കുമാര്‍, സൂരജ് കുമാര്‍ വര്‍മ, സാഹിബ്ഗഞ്ചില്‍ നിന്നുള്ള വികാസ് ലിന്‍ഡ, ഗിരിദിയില്‍ നിന്നുള്ള സുമിത് യാദവ് എന്നീ ഉദ്യോഗാര്‍ത്ഥികളാണ് ടെസ്റ്റിനിടെ മരണപ്പെട്ടത്.

അതേസമയം പരീക്ഷയ്ക്കിടെ മരണപ്പെട്ട മൂന്ന് യുവാക്കളുടെ പേരുകള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് 22 മുതല്‍ നടന്ന റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടമായിരുന്നു ജാര്‍ഖണ്ഡില്‍ കഴിഞ്ഞത്.

രേഖപ്പെടുത്തിയ വിവരങ്ങള്‍ അനുസരിച്ച്, സെപ്റ്റംബർ രണ്ട് വരെ 1.87 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് ഫിസിക്കല്‍ ടെസ്റ്റിന് ഹാജരായത്. അതില്‍ 1.17 ലക്ഷം പേര്‍ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

എന്നാല്‍ പുതിയ ചട്ട പ്രകാരമുള്ള 10 കിലോമീറ്റര്‍ ഓട്ടത്തിനിടെ 12 ഉദ്യോഗാര്‍ത്ഥികള്‍ മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സെപ്റ്റംബര്‍ ഒമ്പതിന് ടെസ്റ്റ് പുനരാരംഭിക്കും.

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ യുവാക്കളുടെ മരണത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

അതേസമയം 2000ല്‍ ജാര്‍ഖണ്ഡ് രൂപീകരിച്ചതിന് ശേഷം ഇതാദ്യമായാണ്
ഇത്തരത്തിലൊരു റിക്രൂട്ട്മെന്റ് ഡ്രൈവ് നടക്കുന്നത്. 2008, 2019 വര്‍ഷങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടത്തിയെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.

Content Highlight: In Jharkhand, 12 youths died during the Excise Constable recruitment exam in controversy