|

സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ശരിവെച്ച് ടോക്കിയോ കോടതി; നിയമപരിരക്ഷ ലഭിക്കാത്തത് മനുഷ്യാവകാശ ലംഘനമെന്നും നിരീക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ: സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ശരിവെച്ച് ജാപ്പനീസ് തലസ്ഥാനമായ ടോക്കിയോയിലെ കോടതി. ബുധനാഴ്ചയായിരുന്നു കോടതി ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.

സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാപരമാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, സ്വവര്‍ഗാനുരാഗികളുടെ കുടുംബങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കാതിരിക്കുന്നതും അത്തരത്തിലുള്ള നിയമസംവിധാനങ്ങളുടെ അഭാവവും മനുഷ്യാവകാശ ലംഘനമാണെന്നും ടോക്കിയോ ജില്ലാ കോടതി നിരീക്ഷിച്ചു.

വിധി പുറത്തുവന്നതിന് പിന്നാലെ തന്നെ കോടതിക്ക് പുറത്ത് നിരവധി പേര്‍ പ്രതിഷേധവുമായി ഒത്തുകൂടി. ഒരേസമയം നിരാശ നല്‍കുന്നതും പ്രതീക്ഷ നല്‍കുന്നതുമാണ് കോടതിവിധി എന്നും നിരവധി പേര്‍ പ്രതികരിച്ചു.

”ഇത് അംഗീകരിക്കാന്‍ പ്രയാസമാണ്. നിയമപ്രകാരം എല്ലാവരും തുല്യരാണെന്നിരിക്കെ ഭിന്നലിംഗക്കാര്‍ക്കും സ്വവര്‍ഗ ദമ്പതികള്‍ക്കും വിവാഹ സമ്പ്രദായത്തില്‍ നിന്ന് തുല്യമായ പ്രയോജനം നേടാന്‍ കഴിയണം.

എന്നാല്‍ അത് സാധ്യമല്ലെന്നാണ് ഈ കോടതിവിധി വ്യക്തമാക്കുന്നത്,” ആക്ടിവിസ്റ്റ് ഗ്രൂപ്പായ മാര്യേജ് ഫോര്‍ ഓള്‍ ജപ്പാന്റെ (Marriage for All Japan) തലവന്‍ ഗോണ്‍ മാറ്റ്‌സുനാക പറഞ്ഞു.

സ്വവര്‍ഗ കുടുംബങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്നില്ലെന്ന കോടതിയുടെ തിരിച്ചറിവ് വലിയൊരു ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിവിധി അവലോകനം ചെയ്യുന്നതിനെ കുറിച്ചോ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതിനോ കുറിച്ചോ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ (Fumio Kishida) സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഭരണകക്ഷിയിലെ തന്നെ നിരവധി മുതിര്‍ന്ന അംഗങ്ങള്‍ സ്വവര്‍ഗ വിവാഹത്തെ പിന്തുണക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നേരത്തെ, സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണ് എന്ന് 2021 മാര്‍ച്ചില്‍ ജപ്പാനിലെ സപ്പോറോയിലെ ഒരു കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ വിധിയെ തള്ളിക്കൊണ്ട് ഒസാകയിലെ കോടതി സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ശരിവെച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു.

സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമല്ല എന്നായിരുന്നു ഒസാക കോടതി നിരീക്ഷിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു ഒസാക കോടതിയുടെ വിധി പുറത്തുവന്നത്.

മൂന്ന് സ്വവര്‍ഗ ദമ്പതികള്‍ നല്‍കിയ ഹരജിയിലായിരുന്നു ഒസാക ജില്ലാ കോടതിയുടെ വിധി. രാജ്യത്ത് സ്വവര്‍ഗവിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ല, എന്ന് ചൂണ്ടിക്കാണിച്ച ദമ്പതികള്‍, നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (7414 ഡോളര്‍) ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തു.

”വ്യത്യസ്ത സെക്ഷ്വല്‍ ഐഡന്റിറ്റിയുള്ള രണ്ട് പേര്‍ പരസ്പര സമ്മതത്തോടെ ചെയ്യുന്ന കാര്യം,” എന്നാണ് ജാപ്പനീസ് ഭരണഘടന വിവാഹങ്ങളെ നിര്‍വചിച്ചിരിക്കുന്നത്.

ജി7 രാജ്യങ്ങളില്‍ സ്വവര്‍ഗവിവാഹം നിയമവിരുദ്ധമായ ഏക രാജ്യമാണ് ജപ്പാന്‍. എന്നാല്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് രാജ്യത്ത് ജനപിന്തുണ വര്‍ധിക്കുന്നതായാണ് വിവിധ അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

സ്വവര്‍ഗാനുരാഗികളെ വിവാഹം കഴിക്കുന്നതിനോ പരസ്പരം സ്വത്തുകള്‍ കൈമാറുന്നതിനോ ജപ്പാനിലെ നിയമം അനുവദിക്കുന്നില്ല.

Content Highlight: In Japan Tokyo court upholds ban on same sex marriage but said lack of legal protection for such families violate human rights