| Tuesday, 15th June 2021, 1:54 pm

പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ല; കേന്ദ്ര സര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രത്തോട് ദല്‍ഹി ഹൈക്കോടതി. നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാര്‍ത്ഥികളായ ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിക്കവെയാണ് കോടതി ഇക്കാര്യം വിശദമാക്കിയത്.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ചുമത്തിയ യു.എ.പി.എ. കേസിലാണ് മൂന്നുപേര്‍ക്കും ജാമ്യം ലഭിച്ചത്.

‘വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആകാംക്ഷയുടെ ഭാഗമായി സംഭവിച്ചു പോകുന്ന തെറ്റിദ്ധാരണയാണിത്. പ്രതിഷേധിക്കാന്‍ ഭരണഘടനാപരമായി ലഭിക്കുന്ന അവകാശങ്ങളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും തമ്മില്‍ വ്യത്യസ്തമായി കാണാനുള്ള ഭരണാധികാരികളുടെ മനോനില മങ്ങിപ്പോയിരിക്കുന്നു. ഇത്തരം മനോനില തുടരുന്നത് ജനാധിപത്യത്തിന് ഒരിക്കലും ഗുണം ചെയ്യില്ല,’ കോടതി പറഞ്ഞു.

2020 മെയിലാണ് ദേവാംഗന കലിതയെയും നടാഷ നര്‍വാളിനെയും ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുന്നത്. കലാപശ്രമം, നിയമപ്രകാരമല്ലാതെ ഒത്തു ചേരല്‍, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്.

ജാമിഅ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ അവസാന വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിയായിരുന്നു ആസിഫ് ഇക്ബാല്‍. 2020 മെയിലാണ് ആസിഫിനെ ദല്‍ഹി പൊലീസ് യു.എ.പി.എ. ചുമത്തി അറസ്റ്റു ചെയ്യുന്നത്.

രണ്ടാളുടെ ജാമ്യത്തിലും 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലുമാണ് മൂന്ന് പേര്‍ക്കും ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: In Its Anxiety To Suppress Dissent; Court’s Sharp Words For Centre

We use cookies to give you the best possible experience. Learn more