| Monday, 14th November 2022, 7:25 pm

ഇസ്താംബൂള്‍ ബോംബിങ്; ബോംബ് സ്ഥാപിച്ചത് സിറിയന്‍ വനിത, പിന്നില്‍ പി.കെ.കെയെന്ന് തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ നഗരത്തില്‍ കഴിഞ്ഞ ദിവസം നടന്ന ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണെന്ന ആരോപണവുമായി (പി.കെ.കെ) തുര്‍ക്കി ആഭ്യന്തര മന്ത്രാലയം.

സംഭവത്തില്‍ ഇതുവരെ 46 പേരെ അറസ്റ്റ് ചെയ്തതായി ഇസ്താംബൂള്‍ പൊലീസ് അറിയിച്ചു. ഇതില്‍ ബോംബ് പ്ലാന്റ് ചെയ്തതായി സംശയിക്കപ്പെടുന്ന ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്.

അറസ്റ്റിലായ അഹ്‌ലം അല്‍ബാഷിര്‍ (Ahlam Albashir) എന്ന യുവതി സിറിയന്‍ പൗരയാണെന്നും തന്നെ പി.കെ.കെയാണ് ട്രെയിന്‍ ചെയ്തതെന്ന് ഇവര്‍ കുറ്റസമ്മതം നടത്തിയെന്നും തുര്‍ക്കി പൊലീസ് പറഞ്ഞതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം നേരത്തെ പി.കെ.കെ നിഷേധിച്ചിരുന്നു. മറ്റ് സംഘടനകളൊന്നും ഉത്തരവാദിത്തമേറ്റെടുത്ത് രംഗത്തെത്തിയിട്ടുമില്ല.

ഇസ്താംബൂളിലെ പ്രശസ്ത നടപ്പാതയായ ഇസ്തിക്‌ലാല്‍ അവന്യൂവില്‍ (Istiklal Avenue) കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെ നടന്ന സ്‌ഫോടനത്തില്‍ ആറ് പേരായിരുന്നു കൊല്ലപ്പെട്ടത്. 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്താംബൂള്‍ ഗവര്‍ണര്‍ അലി യെര്‍ലികായ അറിയിച്ചിരുന്നു.

നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ഇസ്തിക്ലാല്‍ അവന്യൂ. സ്‌ഫോടനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തിരക്കുള്ള നടപ്പാതയിലൂടെ ആളുകള്‍ നടന്ന് നീങ്ങുമ്പോള്‍ വലിയ ശബ്ദം കേള്‍ക്കുന്നതും തീ ആളിപ്പടരുന്നതുമായിരുന്നു വീഡിയോയിലുള്ളത്.

സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് യു.എസ്, ഈജിപ്ത്, ഉക്രൈന്‍, ഗ്രീസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

നേരത്തെ 2016- 2017 സമയത്തും ഇസ്തിക്ലാലില്‍ ഇത്തരത്തില്‍ സ്ഫോടനങ്ങള്‍ നടന്നിരുന്നു. ഏഴ് മാസത്തിനപ്പുറം രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെയാണ് കഴിഞ്ഞദിവസത്തെ സ്ഫോടന വാര്‍ത്തയും പുറത്തുവരുന്നത്.

Content Highlight: In Istanbul bombing, Turkey blames it on Kurdistan Workers’ Party, arrests 46 people

Latest Stories

We use cookies to give you the best possible experience. Learn more