നാടകീയമായ തിരിച്ചുവരവിനൊരുങ്ങി നെതന്യാഹു; ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ വലതുപക്ഷ സഖ്യത്തിന് മുന്‍തൂക്കം
World News
നാടകീയമായ തിരിച്ചുവരവിനൊരുങ്ങി നെതന്യാഹു; ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ വലതുപക്ഷ സഖ്യത്തിന് മുന്‍തൂക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd November 2022, 4:14 pm

ടെല്‍ അവീവ്: ഇസ്രഈലില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് മുന്‍തൂക്കം. നെതന്യാഹു ഭരണത്തിലേക്ക് തിരിച്ചുവരുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

യയ്ര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സെന്റര്‍- ലെഫ്റ്റ് സഖ്യത്തെയാണ് നെതന്യാഹു നേരിടുന്നത്.

”നമ്മള്‍ വലിയൊരു വിജയത്തിനോട് അടുത്തുനില്‍ക്കുകയാണ്,” എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നെതന്യാഹു പ്രതികരിച്ചു.

120 അംഗ ഇസ്രഈലി പാര്‍ലമെന്റായ നെസറ്റില്‍ (Knesset) ഭൂരിപക്ഷം തെളിയിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയൂ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം നെതന്യാഹുവിന്റെ സഖ്യം 61ഓ 62ഓ സീറ്റോടെ നേരിയ ഭൂരിപക്ഷം നേടാന്‍ സാധ്യതയുണ്ട്.

ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് (Likud party) തീവ്ര വലതുപക്ഷ, തീവ്രദേശീയ മതപാര്‍ട്ടിയായ സിയോണിസം പാര്‍ട്ടിയുടെ (Zionism party) പിന്തുണ വേണ്ടി വരും.

ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടതില്‍ 85 ശതമാനം വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്.

അതേസമയം, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇസ്രഈലില്‍ നടക്കുന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പാണിത്. നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെയായിരുന്നു രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലെത്തിയത്.

ബെന്നറ്റ് രാജി വെച്ചതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രിയായിരുന്ന യായ്ര്‍ ലാപിഡായിരുന്നു ഇടക്കാല പ്രധാനമന്ത്രിയായത്. ലാപിഡ് സര്‍ക്കാരാണ് നിലവില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ബെന്നറ്റിന്റെ രാജിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ ബെഞ്ചമിന്‍ നെതന്യാഹുവിന് രാഷ്ട്രീയത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കും തിരിച്ചുവരാനുള്ള അവസരമായിരിക്കും ഇതെന്ന തരത്തില്‍ വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു.

വലതുപക്ഷ ജൂത പാര്‍ട്ടി മുതല്‍ അറബ് മുസ്‌ലിം പാര്‍ട്ടി വരെയുള്ള നിരവധി പാര്‍ട്ടികളുടെ സഖ്യസര്‍ക്കാരായിരുന്നു ബെന്നറ്റിന്റെ നേതൃത്വത്തില്‍ ഇസ്രഈല്‍ ഭരിച്ചിരുന്നത്. 2021 ജൂണില്‍ അധികാരത്തിലേറിയ ബെന്നറ്റ് ഒരു വര്‍ഷത്തിനിപ്പുറം 2022 അവസാനത്തോടെ സ്ഥാനമൊഴിയുകയായിരുന്നു.

സഖ്യസര്‍ക്കാരില്‍ നിന്നും തുടര്‍ച്ചയായി ജനപ്രതിനിധികള്‍ കൊഴിഞ്ഞുപോകുകയും പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയായിരുന്നു ബെന്നറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്.

Content Highlight: In Israel elections, Benjamin Netanyahu’s right-wing bloc is near to a majority