| Tuesday, 7th June 2022, 3:42 pm

അപ്പോള്‍ ശരിക്കും ഇതാണ് കാരണം, വെറുതെ അല്ല രാജസ്ഥാന്‍ റോയല്‍സ് കപ്പടിക്കാഞ്ഞത്

സ്പോര്‍ട്സ് ഡെസ്‌ക്

2022 ഐ.പി.എല്ലിന്റെ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടാത്തതില്‍ ആരാധകരെല്ലാം തന്നെ നിരാശരായിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ കിരീടം നേടാമെന്ന ആരാധകരുടെ സ്വപ്‌നങ്ങള്‍ക്ക് മേലാണ് കരിനിഴല്‍ വീണത്.

ടൂര്‍ണമെന്റിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സായിരുന്നുു റോയല്‍സിനെ പരാജയപ്പെടുത്തിയത്. എന്നാല്‍ ഫൈനലിന് മുമ്പ് തന്നെ രാജസ്ഥാന്റെ തോല്‍വി ഉറപ്പിച്ച മറ്റൊരു ടീമുണ്ടായിരുന്നു, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു.

ഒരര്‍ത്ഥത്തില്‍ ആര്‍.സി.ബിയുടെ ശാപമാണ് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിച്ചത് എന്ന് പറയാം. രാജസ്ഥാന്‍ റോയല്‍സിനെ മാത്രമല്ല പല ടീമുകളേയും ആര്‍.സി.ബി ‘ശപിച്ച്’ കപ്പില്‍ നിന്നും തട്ടിയകറ്റിയിട്ടുണ്ട്.

റോയല്‍ ചാലഞ്ചേഴ്‌സിനെ നോക്കൗട്ട് ഘട്ടത്തില്‍ തോല്‍പിച്ച് പുറത്താക്കിയ ടീമുകള്‍ക്കൊന്നും തന്നെ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. ആര്‍.സി.ബിയെ പ്ലേ ഓഫില്‍ നിന്നും പുറത്താക്കിയ ടീം ചാമ്പ്യന്‍മാരായിട്ടില്ല എന്ന് സാരം.

2010ല്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നു ദുര്‍ഗതി. സെമിയില്‍ ആര്‍.സി.ബിയെ തോല്‍പിച്ച് ഫൈനലില്‍ പ്രവേശിച്ച മുംബൈ ഇന്ത്യന്‍സിന് ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോല്‍ക്കാനായിരുന്നു വിധി.

2015ല്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ പുറത്താക്കിയ ചെന്നൈയ്ക്കും കപ്പടിക്കാനായില്ല. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റാണ് ചെന്നൈയ്ക്ക് കിരീടമുയര്‍ത്താനാവാതെ പോയത്.

ഇതിന് പിന്നാലെ 2020ല്‍ സണ്‍റൈസേഴ്‌സിനും 2021ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സമാന അനുഭവം തന്നെയായിരുന്നു. 2020ല്‍ സണ്‍റൈസേഴ്‌സിനെ തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സും 2021ല്‍ കെ.കെ.ആറിനെ തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ചാമ്പ്യന്‍മാരായി.

ഇതേ ശാപം തന്നെയായിരുന്നു 2022ല്‍ രാജസ്ഥാന്‍ റോയല്‍സിനും സഞ്ജുവിനും കിട്ടിയത്. ഷെയ്ന്‍ വോണിന് വേണ്ടി കപ്പുയര്‍ത്താനെത്തിയ പിങ്ക് പടയ്ക്ക് തോല്‍വിയായിരുന്നു ഫൈനല്‍ വിധിച്ചത്.

എന്നാല്‍ കഷ്ടപ്പെട്ട് സെമി (പ്ലേ ഓഫ്) കടന്ന് ഫൈനലിലെത്തിയാല്‍ തന്നെ ഫൈനലില്‍ തോല്‍ക്കാനായിരുന്നു ആര്‍.സി.ബിയുടെ വിധി. 2009, 2011, 2016 സീസണുകളില്‍ ഫൈനലിലെത്തിയെങ്കിലും മൂന്ന് തവണയും തോല്‍വിയായിരുന്നു ഫലം.

2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സിനെ കപ്പുയര്‍ത്താന്‍ സമ്മതിക്കാതിരുന്നതെങ്കില്‍ 2011ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് റോയല്‍ ചാലഞ്ചേഴ്‌സിനെ കരയിപ്പിച്ചത്.

Content Highlight: In IPL teams eliminates Royals Challengers Bangalore from play offs always fails to win the tournament

Latest Stories

We use cookies to give you the best possible experience. Learn more