ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 65 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. മഴമൂലം ആദ്യ മത്സരം ഉപേക്ഷിച്ചതിനാല്‍ പരമ്പരയില്‍ മേല്‍ക്കൈ നേടാന്‍ ഇരുടീമിനും വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ കളമറിഞ്ഞ് കളിച്ചതോടെ ന്യൂസിലാന്‍ഡ് തകര്‍ന്നടിയുകയായിരുന്നു.
51 പന്തില്‍ നിന്നും പുറത്താകാതെ 111 റണ്‍സ് നേടിയ സൂര്യകുമാറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്. 11 ബൗണ്ടറിയും ഏഴ് സിക്‌സറുമാണ് താരം സ്വന്തമാക്കിയത്. 217.65 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന് പുറമെ സൂപ്പര്‍ താരം ശ്രേയസ് അയ്യരുടെ പുറത്താവലും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്. ഹിറ്റ് വിക്കറ്റായാണ് താരം കളം വിട്ടത്.
ലോക്കി ഫെര്‍ഗൂസനെറിഞ്ഞ 13ാം ഓവറിലായിരുന്നു ശ്രേയസ് അയ്യര്‍ പുറത്തായത്. ഒമ്പത് പന്തില്‍ നിന്നും 13 റണ്‍സെടുത്ത് നില്‍ക്കവെ താരം ഡിഫന്‍സീവ് ഷോട്ട് കളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബാക്ക് ഫൂട്ടിലിറങ്ങി ഷോട്ട് കളിക്കാന്‍ ശ്രമിച്ച താരത്തിന്റെ കാല് വിക്കറ്റില്‍ കൊള്ളുകയായിരുന്നു.
അയ്യരുടെ പുറത്താവല്‍ ആരാധകരെ ചില്ലറയൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. ടീമിലേക്ക് തിരികെയെത്തിയ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇത്തരമൊരു പുറത്താവല്‍ ആരാധകര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.
ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട നാല് ബാറ്റര്‍മാരില്‍ ഒരാള്‍കൂടിയാണ് അയ്യര്‍.
നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായ റിഷബ് പന്ത് പരാജയമായിരുന്നു. 13 പന്തില്‍ നിന്നും ആറ് റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്.
ഒന്നാമനായി ഇറങ്ങിയ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്ന മറ്റൊരു താരം. 36 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയരുന്നു.
192 റണ്‍സ് വിജയലക്ഷ്യമാക്കിയിറങ്ങിയ കിവീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ കമ്പക്കെട്ടിന് തിരി കൊളുത്തി. രണ്ട് പന്ത് മാത്രം നേരിട്ട് അര്‍ഷ്ദീപിന് ക്യാച്ച് നല്‍കിയായിരുന്നു അലന്റെ മടക്കം.
പതിവിന് വിപരീതമായി കെയ്ന്‍ വില്യംസണ്‍ മികച്ച പ്രകടനം നടത്തിയ മത്സരമായിരുന്നു ഇത്. 52 പന്തില്‍ നിന്നും 61 റണ്‍സ് നേടിയാണ് കെയ്ന്‍ വില്യംസണ്‍ പുറത്തായത്. ചെയ്സിങ്ങില്‍ ന്യൂസിലാന്‍ഡിന്റെ നെടുംതൂണായ ഇന്നിങ്സായിരുന്നു നായകന്‍ പുറത്തെടുത്ത്.
എന്നാല്‍ താരത്തിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയതോടെ ന്യൂസിലാന്‍ഡ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 18.5 ഓവറില്‍ 126 റണ്‍സിന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ടായി.
ഇന്ത്യന്‍ നിരയില്‍ അര്‍ഷ്ദീപ് ഒഴികെ എല്ലാ ബൗളര്‍മാരും വിക്കറ്റ് നേടിയിരുന്നു.
2.5 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ ദീപക് ഹൂഡയാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. ചഹല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വറും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നവംബര്‍ 22നാണ് ഇന്ത്യയുടെ അടുത്ത മത്സരം. മക്ലെറന്‍ പാര്‍ക്കാണ് വേദി.
Content highlight: In India’s second T20 against New Zealand, Shreyas Iyer stepped on his stumps and was dismissed for a hit wicket.