| Monday, 14th September 2020, 10:59 pm

ഇന്ത്യയില്‍ പകപോക്കുന്നത് സ്വന്തം പൗരന്‍മാര്‍ക്കുനേരെ മാത്രമാണ്; ഉമര്‍ഖാലിദിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി.

ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ‘പ്രധാനമന്ത്രി വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നാണ് പറയുന്നത്. പക്ഷേ, അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ വിലകൊടുക്കേണ്ടി വരുന്നവരെ പരാമര്‍ശിക്കാന്‍ അദ്ദേഹം മറക്കുകയാണ്. ഇന്നത്തെ ഇന്ത്യയില്‍ പകപോക്കുന്നത് സ്വന്തം പൗരന്‍മാര്‍ക്കുനേരെ മാത്രമാണ്. അല്ലാതെ, ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ നടപടികളെയല്ല എന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

ഉമര്‍ ഖാലിദിന്റെ പിതാവിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു ശശി തരൂരിന്റെ പ്രതികരണം. സ്റ്റാന്‍ഡ് വിത്ത് ഉമര്‍ ഖാലിദ് എന്ന ഹാഷ് ടാഗോടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും രംഗത്ത് എത്തിയിരുന്നു. യു.എ.പി.എ.യുടെ വ്യവസ്ഥകള്‍ പ്രകാരം ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത് അപലപനീയമാണെന്നും സമാനമായി യു.എ.പി.എ ചുമത്തി നതാഷ നര്‍വാള്‍, ദേവംഗന കലിത (ജെ.എന്‍.യു), കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്‍, ജാമിയ വിദ്യാര്‍ത്ഥികളായ മീരന്‍ ഹൈദര്‍, ആര്‍.ജെ.ഡി യുവനേതാവ്, ആസിഫ് തന്‍ഹ, സഫൂറ സാഗര്‍, ഗള്‍ഫിഷ ഫാത്തിമ, ഷിഫ്ര് -ഉല്‍-റഹ്മാന്‍ എന്നിവരെ തടവിലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഉമര്‍ ഖാലിദിനെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: In India, hatred is directed only against its own citizens; Shashi Tharoor opposes arrest of Umar Khalid

We use cookies to give you the best possible experience. Learn more