ചെന്നൈ: എ.ഐ.ഡി.എം.കെയുമായുള്ള ബി.ജെ.പിയുടെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ചെപ്പുക്ക്-തിരുവല്ലിക്കേനി മണ്ഡലം നഷ്ടമായതില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് ഖുശ്ബു. തന്റെ പ്രിയപ്പെട്ട മണ്ഡലം നഷ്ടപ്പെട്ടതില്‍ പരാതിയില്ലെന്നും ചെപ്പുക്കുമായുള്ള ബന്ധം തുടരുമെന്നും ഖുശ്ബു പറഞ്ഞു.
” എന്റെ കൂടെ നിന്നവരോടും എന്നെ വിശ്വസിച്ചവരോടും നന്ദി പറയുന്നു. ഞാനെപ്പോഴും അവരോട് കടപ്പെട്ടവരായിരിക്കും. കഴിഞ്ഞ മൂന്ന് മാസം വളരെ മനോഹരമായിരുന്നു. ചെപ്പുക്കുമായുള്ള എന്റെ ബന്ധം ആജീവനാന്തകാലം നിലനില്‍ക്കുന്നതാണ്,” ഖുശ്ബു പറഞ്ഞു.
ചെപ്പുക്ക് മണ്ഡലത്തിന്റെ ചുമതല എനിക്കാണ് ഉള്ളത്. അടുത്ത ദിവസങ്ങളില്‍ തന്നെ അവിടെ പ്രവര്‍ത്തനവും ആരംഭിക്കും. ഞാനൊരിക്കല്‍ പോലും അവിടെ മത്സരിക്കുക താനാണെന്ന് പറഞ്ഞിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു. ബി.ജെ.പിയല്ലാതെ മറ്റൊരു പാര്‍ട്ടിയും തനിക്ക് താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം തന്നിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പി.എം.കെയ്ക്ക് സീറ്റ് നല്‍കുന്നതിന് മുന്‍പ് ചെപ്പുക്കില്‍ ഖുശ്ബുവും ഡി.എം.കെ സ്ഥാനാര്‍ത്ഥി ഉദയനിഥി സ്റ്റാലിനും തമ്മിലാണ് മത്സരം നടക്കുക എന്നായിരുന്നു കരുതിയിരുന്നത്. ബി.ജെ.പി മണ്ഡലത്തിന്റെ ചുമതല ഖുശ്ബുവിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
മാര്‍ച്ച് മാസം ആദ്യം മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ച ഖുശ്ബു ഡി.എം.കെയ്‌ക്കെതിരെയും പാര്‍ട്ടിയിലെ കുടുംബവാഴ്ചക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 1977മുതല്‍ ചെപ്പുക്ക് തിരുവല്ലിക്കേനി മണ്ഡലം ഡി.എം.കെയ്ക്ക് നിര്‍ണായക സ്വാധീനമുള്ളതാണ്.