ന്യൂദല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തിയുമായി ബന്ധപ്പെട്ട കേസില്‍ റിലയന്‍സിനുമേല്‍ ഇ-കൊമേഴ്സ് വമ്പന്മാരായ ആമസോണിന് ജയം.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 3.4 ബില്യണ്‍ ആസ്തി വാങ്ങുന്നതില്‍ നിന്നും റിലയന്‍സിനെ വിലക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ഏറെക്കാലമായി നിലനിന്നിരുന്ന ജെഫ് ബെസോസ്-മുകേഷ് അംബാനി നിയമ പോരാട്ടത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.
ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രസ്തുത കേസില്‍ സിംഗപ്പൂര്‍ തര്‍ക്കപരിഹാര കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നിലനില്‍ക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
2019ല്‍ ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുള്ള കരാറിന് വിരുദ്ധമായി, റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടെയ്ല്‍ ബിസിനസ് ആസ്തി ഏറ്റെടുത്തതിന് പിന്നാലെയാണ് ജെഫ് ബെസോസ് കോടതിയെ സമീപിച്ചത്.
ദല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കടന്നാണ് കേസ് സുപ്രീം കോടതിയിലെത്തിത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തി വാങ്ങുന്നതില്‍ നിന്നും റിലയന്‍സിനെ വിലക്കി, ആമസോണിന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.
ഇതോടെ ഇന്ത്യന്‍ റീടെയ്ല്‍ ബിസിനസ് ലോകത്ത് ആമസോണും റിലയന്‍സും തമ്മിലുള്ള കിടമത്സരത്തില്‍ റിലയന്‍സിനുമേല്‍ ആമസോണിന് താത്കാലിക വിജയം സ്വന്തമായിരിക്കുകയാണ്.