ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം.
വെള്ളിയാഴ്ചയായിരുന്നു ഇവര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു പ്രവേശനം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയുടെ സാന്നിധ്യത്തിലായിരുന്നു ഇന്ദു വര്‍മയുടെ പാര്‍ട്ടി പ്രവേശനം.
മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യ കൂടിയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളം ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഇവരിപ്പോള്‍ കോണ്‍ഗ്രസിലെത്തിയിരിക്കുന്നത്.
ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഇന്ദു വര്‍മയെ സ്വാഗതം ചെയ്തുകൊണ്ട് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇന്ദു വര്‍മ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭര്‍ത്താവ് രാകേഷ് വര്‍മയും തിയോഗ് മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായിരുന്നു.
Content Highlight: In Himachal Pradesh BJP leader Indu Verma joins Congress