ഉന്നാവോ; ട്രക്ക് ഓടിച്ചത് അമിത വേഗതയില്‍; അപകടം നടന്നയുടന്‍ ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു; ആസൂത്രിത ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍
India
ഉന്നാവോ; ട്രക്ക് ഓടിച്ചത് അമിത വേഗതയില്‍; അപകടം നടന്നയുടന്‍ ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു; ആസൂത്രിത ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2019, 10:46 am

ന്യൂദല്‍ഹി: ഉന്നാവോ അപകടം കൃത്യമായ ആസൂത്രണത്തോടെ നടപ്പില്‍ വരുത്തിയതാകാമെന്ന് വ്യക്തമാക്കുന്ന ദൃക്‌സാക്ഷി മൊഴികള്‍ പുറത്ത്.

വളരെ വേഗതയില്‍ തെറ്റായ ദിശയിലൂടെയായിരുന്നു ഡ്രൈവര്‍ ട്രക്ക് ഓടിച്ചിരുന്നത് എന്നാണ് റായ്ബറേലി ഹൈവേയില്‍ അപകടം നടന്ന സ്ഥലത്തുള്ള കടയുടമയായ അര്‍ജുന്‍ യാദവ് എന്നയാളുടെ മൊഴി. അപകടം നടന്ന ഉടന്‍ തന്നെ ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും ഇദ്ദേഹം പറഞ്ഞു.

നല്ല മഴയുള്ള സമയത്താണ് അപകടം നടന്നതെന്നും തെറ്റായ ദിശയിലൂടെ വലിയ സ്പീഡില്‍ എത്തിയ ട്രക്ക് കാറിനെ ഇടിക്കുന്നതാണ് കണ്ടതെന്ന് മറ്റൊരു കട ഉടമയും മൊഴി നല്‍കിയിട്ടുണ്ട്. പൊരേദൗലി ക്രോസിങ്ങില്‍ അപകടകരമായ രീതിയിലുള്ള ഒരു വളവുണ്ട്. കാറിന് അഭിമുഖമായി അതേ ദിശയിലാണ് ട്രക്ക് വന്നത്. അമിത വേഗതയില്‍ എത്തിയ ട്രക്ക് കാറിനെ ഇടിച്ചുതെറിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. -ചന്ദ്ര യാദവ് എന്നയാള്‍ പറഞ്ഞു.

10 മീറ്ററോളം ദൂരം ട്രക്ക് കാറിനെ വലിച്ചുകൊണ്ടുപോയി. അതിന് ശേഷമാണ് വാഹനം നിന്നത്. അപകടം കണ്ടയുടനെ ഞങ്ങളില്‍ ചിലര്‍ കാറിനടുത്തേക്ക് ഓടിയെത്തുമ്പോഴേക്കും ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. എല്ലാവരും കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. ഡ്രൈവറേയും ക്ലീനറേയും ശ്രദ്ധിക്കാനോ അവരോട് തര്‍ക്കിക്കാനോ അപ്പോള്‍ ആരും ശ്രമിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പൊലീസിനെ ആരോ വിളിച്ചത്. 15 മിനുട്ട് കഴിഞ്ഞപ്പോഴാണ് പൊലീസ് എത്തിയത്. അതിന് ശേഷമാണ് കാറിലുണ്ടായിരുന്നവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്- അദ്ദേഹം പറഞ്ഞു.

ട്രക്ക് ഡ്രൈവറെ കൃത്യമായ ചോദ്യം ചെയ്യലിന് വിധേയനാക്കണമെന്നും വെറും ഒരു അപകടം മാത്രമായി ഇതിനെ കാണാന്‍ ആവില്ലെന്നുമാണ് ദൃക്ഷിയായ ഗയ പ്രസാദ് പറയുന്നത്. ഞാനും ട്രക്ക് ഓടിക്കുന്ന ആളാണ്. ഇത്രയും വേഗതയില്‍ ആരും ട്രക്ക് സാധാരണഗതിയില്‍ ഓടിക്കാറില്ല. മാത്രമല്ല ആ ട്രക്കിന് നമ്പര്‍ ഉണ്ടായിരുന്നില്ല. കറുത്ത പെയിന്റടിച്ച് നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നു. ഇതെല്ലാം സംശയം ഉറപ്പിക്കുകയാണ്. ഇതിന് പിന്നില്‍ എന്തെല്ലാം ആസൂത്രണം നടന്നിട്ടുണ്ടെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു- അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എം.എല്‍.എ കുല്‍ദീപ് സിങ്ങിനും അദ്ദേഹത്തിന്റെ അനുയായികളായ പത്ത് പേര്‍ക്കെതിരെയുമാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.