| Monday, 10th July 2017, 8:52 am

പ്രശ്‌നമുണ്ടാക്കിയത് പുറത്തുനിന്നും ബൈക്കുകളിലെത്തിയവര്‍; ഇവിടെയുള്ള മുസ്‌ലീങ്ങള്‍ രക്ഷിക്കാനാണ് ശ്രമിച്ചത്: ബംഗാള്‍ കലാപബാധിത മേഖലയിലുള്ളവര്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാജഹാന്‍

കൊല്‍ക്കത്ത: പുറത്തുനിന്നും വന്നവരാണ് അക്രമമഴിച്ചുവിട്ടതെന്ന് പശ്ചിമബംഗാളിലെ കലാപബാധിത മേഖലകളിലെ ജനങ്ങള്‍. മോട്ടോര്‍സൈക്കിളില്‍ എത്തിയ ചിലരാണ് അക്രമമഴിച്ചുവിട്ടതെന്നാണ് ഹിന്ദുമുസ്‌ലിം ഭേദമന്യേ പ്രദേശവാസികള്‍ ഒന്നടങ്കം പറയുന്നത്.

എത്രപേര്‍ വന്നു എന്നത് അറിയില്ലെന്നും അവര്‍ പറയുന്നു. “അവര്‍ വരുന്നതു കണ്ടപ്പോഴേ ഞങ്ങളില്‍ പലരും അകത്തേക്ക് ഓടി.” ഗ്രാമവാസിയായ ഷാജഹാന്‍ മൊണ്ടാലിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി പറയുന്നു.

ബംഗാളിലെ കലാപത്തിനു പിന്നില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ആണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ തന്നെ ആരോപിച്ചിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണിതെന്നായിരുന്നു മമതയുടെ ആരോപണം.

കലാപത്തിനു കാരണക്കാരനായി എന്നു പറയുന്ന കുട്ടിയുടെ അമ്മാവന്റെ വീടിനു തീയിട്ടത് പുറത്തുനിന്നുള്ളവരാണെന്നാണ് മാഗുര്‍ഖലി പ്രദേശവാസികളില്‍ മിക്കയാളുകളും പറയുന്നത്. പ്രദേശവാസികള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും അവരാരും അക്രമികള്‍ക്കൊപ്പമുണ്ടായിരുന്നില്ലെന്നാണ് ഗ്രാമവാസികളുടെ വാദം.


Don”t Miss:ദല്‍ഹി നിവാസികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ 52 പ്രധാന സര്‍ജറികള്‍ സൗജന്യമാക്കി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍


അക്രമികള്‍ പോയശേഷം അടുത്തുള്ള പള്ളിയില്‍ നിന്നുമെത്തിയ മുസ് ലീങ്ങള്‍ അടക്കമെത്തിയാണ് തീയണച്ചതെന്നും ഗ്രാമീണര്‍ പറയുന്നു. തുടര്‍ന്ന് ആ കുട്ടിയ്ക്ക് എന്തെങ്കിലും സംഭവിച്ചോ എന്നു നോക്കാനായി തിരയാന്‍ ആരംഭിച്ചെന്നും അവര്‍ പറയുന്നു.

“കുട്ടിയുടെ വീടിന് പൊലീസ് സുരക്ഷയുണ്ടായിരുന്നു. എന്നാല്‍ അക്രമികള്‍ വന്നപ്പോള്‍ പൊലീസ് രക്ഷപ്പെട്ടു. അമിറുള്‍ ഭായ് (പ്രദേശവാസിയും പള്ളിയുമായി ബന്ധപ്പെട്ടയാളും) ഞങ്ങളോട് ബക്കറ്റില്‍ വെള്ളമെടുത്ത് തീയണയ്ക്കാന്‍ ആവശ്യപ്പെട്ടു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഫയര്‍ എഞ്ചിന്‍ എത്തി.” ഷാജഹാന്‍ മൊണ്ടാലിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

“ഈ വര്‍ഗീയ സംഘര്‍ഷം ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങള്‍ ആഘോഷവേളകളില്‍ അവരുടെ വീടുകളില്‍ പോകാറുണ്ട്. ദുര്‍ഗപൂജയ്ക്ക് അവര്‍ ഞങ്ങളുടെ വീടുകളിലും വരും. വര്‍ഷങ്ങളായി ഇവിടെ ഇങ്ങനെയാണ് ഞങ്ങള്‍ ജീവിച്ചത്.” പ്രദേശവാസിയായ ജിബണ്‍ ഹാല്‍ദര്‍ പറയുന്നു.

കലാപകാരികള്‍ പിടികൂടിയ തന്നെ രക്ഷിച്ചത് മുസ് ലിം സഹപാഠികളാണെന്നാണ് രഞ്ജീത് മൊണ്ടാല്‍ പറയുന്നത്.

“എന്റെ സഹപാഠികളില്‍ ചിലര്‍ അവിടെയുണ്ടായിരുന്നു. അവര്‍ എനിക്കുവേണ്ടി സംസാരിച്ചു. രഞ്ജിത് ഒന്നും ചെയ്തിട്ടില്ലെന്ന് അവര്‍ വാദിച്ചു. അവര്‍ അവിടെ നിന്നും എന്നെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. അതുകൊണ്ടാണ് അടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.” അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more