ഹരിയാനയില്‍ മേവാത്ത് മേഖലയില്‍ പൊലീസിന്റെ ഹേറ്റ് വയലന്‍സിന് ഇരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ച് “കാര്‍വാന്‍-ഇ-മൊഹബ്ബത്ത്” സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട്. ബി.ജെ.പി ഭരിക്കുന്ന ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഗോരക്ഷകരും സംഘപരിവാറും മാത്രമല്ല പൊലീസും ഈ മേഖലയിലെ മുസ്ലിം യുവാക്കളെ വേട്ടായാടുന്നതായി സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.
മുഫൈദ് ഖര്‍ഖാദി ഗ്രാമം
നുഹ് ജില്ലയിലെ ഖര്‍ഖാദി ഗ്രാമത്തില്‍ കഴിയുന്ന മുഫൈദിന്റെ കുടുംബത്തെയാണ് ഞങ്ങള്‍ ആദ്യം കണ്ടത്. ഇരുപത് വയസ് മാത്രം പ്രായമുള്ള മുഫൈദിനെ പൊലീസ് വെടിവെച്ചു കൊല്ലുകയാണുണ്ടായത്. 2017 സെപ്റ്റംബര്‍ 15നായിരുന്നു സംഭവം. പൊലീസ് മുഫൈദിനെ വിളിച്ചു വരുത്തുകയായിരുന്നു. തന്റെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ പൊലീസ് തയ്യാറാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അവര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നും പിതാവിനെയും ഭാര്യാ പിതാവിനെയും വിളിച്ചു വരുത്തിയ ശേഷമാണ് മുഫൈദ് പൊലീസിന്റെ അടുത്തേക്ക് പോയത്.
ഇരുവരും മുഫൈദിനോട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് വിളിച്ചു വരുത്തിയ ഹൈവേയ്ക്ക് സമീപമുള്ള താഴ്വാര പ്രദേശത്തേക്ക് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പിക്കപ്പ് വാനില്‍ മുഫൈദ് പോയി.
പിറ്റേന്ന് രാവിലെ മുഫൈദിനെ ആരവല്ലി പര്‍വ്വത പ്രദേശത്തിന് സമീപം പൊലീസ് വെടിവെച്ച് കൊന്നെന്ന വാര്‍ത്തയാണ് വീട്ടുകാര്‍ കേട്ടത്. മുഫൈദിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപ്പെട്ടിരുന്നു. പൊലീസ് പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഒന്നും മിണ്ടാതെ വാഹനത്തിനടുത്തെത്തി മുഫൈദിന് നേരെ വെടിയുതര്‍ക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ കുടുംബത്തോട് പറഞ്ഞു.
മൃതദേഹം ഏറ്റുവാങ്ങാനായി നൂഹ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിയപ്പോള്‍ ശരീരം കേടുവരുത്താന്‍ ശ്രമിക്കുന്ന ഡോക്ടറെയാണ് അവര്‍ കണ്ടത്. തെളിവ് നശിപ്പിക്കാനുള്ള ശ്രമമായാണ് കുടുംബം ഇതിനെ കാണുന്നത്. വലത്തേ തോളിനും കഴുത്തിനുമിടയില്‍ വെടിയേറ്റത് കൊണ്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. അജ്ഞാതരുടെ വെടിയേറ്റാണ് മുഫൈദ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് ആദ്യം എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളും നാട്ടുകാരും വിസമ്മതിച്ചതോടെ പൊലീസുകാര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കാന്‍ പൊലീസ് സമ്മതിക്കുകയായിരുന്നു.
കര്‍വാന്‍-ഇ-മൊഹബ്ബത്ത് സംഘം രണ്ടു ദിവസം സന്ദര്‍ശനം നടത്തി പഠിച്ച 9 എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതക കേസുകളില്‍ പൊലീസിനെതിരെ കാക്കിയിട്ടവര്‍ക്കെതിരെ പരാതിയെടുത്ത ഏക കേസാണിത്. ഈ കൊലപതാകം നടന്ന് 6 മാസം കഴിഞ്ഞെിട്ടും ഒറ്റ പൊലീസുകാര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. കേസിന്റെ പുരോഗതി അന്വേഷിക്കാന്‍ പോകുമ്പോഴെല്ലാം പൊലീസ് സുപ്രണ്ടിന്റെ ഓഫീസ് ഇവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച് അയക്കുകയാണ് ചെയ്യുന്നത്.
പേര് വെളിപ്പെടുത്താന്‍ പറ്റാത്ത കേസ്
രണ്ടാമത് സന്ദര്‍ശനം നടത്തിയ കുടുംബത്തിന്റെ പേരോ ഗ്രാമമോ സംഘം വെളിപ്പെടുത്തുന്നില്ല. അവരെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിടാതിരിക്കാനാണിത്. മുഫൈദിനെ പോലെ ഒരു ഇരുപതുകാരനായ ചെറുപ്പക്കാരന്റെ കഥയാണിത്. 2011ലെ ഒരു തണുപ്പുള്ള സമയത്താണ് ഇയാളെ പൊലീസ് തലയ്ക്ക് വെടിവെച്ചിടുന്നത്. ക്രിമനല്‍ പശ്ചാത്തലമോ പൊലീസുമായി പ്രശ്‌നങ്ങളോ ഒന്നുമില്ലാത്ത ഈ യുവാവിനെ മറ്റാരോ എന്നു കരുതിയാണ് പൊലീസ് വെടിവെച്ചതെന്നാണ് കുടുംബം കരുതുന്നത്.
വെടിയേറ്റപ്പോള്‍ മരിച്ചില്ലെങ്കിലും പാരലൈസ്ഡാവുകയായിരുന്നു. പൊലീസ് തന്നെ സംസ്ഥാനത്തും ദല്‍ഹിയിലുമുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചെങ്കിലും ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിരുന്നില്ല. ഒന്നുമാകാതെ വന്നപ്പോള്‍ പൊലീസ് തിരികെ ഏല്‍പ്പിച്ച ഇയാളെ മൂന്നര വര്‍ഷത്തോളം കുടുംബം നോക്കി. അനങ്ങാനോ സംസാരിക്കാനോ സാധിക്കാത്ത യുവാവിനെ സംബന്ധിച്ചെടുത്തോളം പൊലീസിന് നേരെ വിരല്‍ചൂണ്ടാന്‍ സാധിച്ചില്ല. പിന്നിട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇതിനിടെ തങ്ങള്‍ക്കെതിരെ കേസ് കൊടുക്കാതിരിക്കാന്‍ പൊലീസ് പറഞ്ഞയച്ച മധ്യസ്ഥന്‍ കുടുംബത്തെ സമീപിച്ചു. പിന്നീട് ഗ്രാമപഞ്ചായത്തിലെത്തിയ ചര്‍ച്ച 14 ലക്ഷം രൂപയ്ക്ക്- മൂന്നു ലക്ഷം ചികിത്സാ ചെലവ് നോക്കിയ കുടുംബത്തിനും ബാക്കി യുവാവിന്റെ ഭാര്യയ്ക്കും- എന്ന നിലയ്ക്ക് ഒത്തുതീര്‍പ്പാവുകയായിരുന്നു. ഗത്യന്തരമില്ലാതെയാണ് പണം വാങ്ങിയതെന്ന് ഈ പിതാവ് പറയുന്നു. തുടര്‍ന്ന് പൊലീസിനെതിരെ കേസെടുക്കുന്നിതില്‍ നിന്നും ഇയാള്‍ പിന്‍വാങ്ങി. മരുമകളെ 11 ലക്ഷം രൂപ നല്‍കി മക്കള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞയക്കുകയാണുണ്ടായത്.
ജാവേദ്, ഗുവര്‍ക ഗ്രാമം
കാലികളെ വാഹനത്തില്‍ കൊണ്ടു പോകുന്നതിനിടെ 2017 മാര്‍ച്ചില്‍ പൊലീസ് വെടിവെച്ചതാണ് ഗുവര്‍ക സ്വദേശിയായ ജാവേദിനെ. ജാവേദിന്റെ രണ്ട് സുഹൃത്തുക്കളും നാഹനത്തിലുണ്ടായിരുന്നു. പൊലീസിനെതിരെ കേസടുക്കുന്നതിന് പകരം പരിക്കേറ്റ ജാവേദടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ഗോവധത്തിനും പശുക്കളെ കടത്തിയെന്നും കേസ് ചുമത്തപ്പെട്ട ഇവരിപ്പോള്‍ ഗുരുഗ്രാം സെന്‍ട്രല്‍ ജയിലിലാണ്.
ജാവേദിന്റെ ഭാര്യയാണ് അഫ്‌സാന. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ഭര്‍ത്താവിനെ ജയിലില്‍ പോയി കാണാന്‍ പോലും പൈസയില്ലാത്ത അവസ്ഥയിലാണ് അഫ്‌സാന. കഴുത്തിനും കാലിനുമേറ്റ പരിക്ക് ജാവേദിന്റെ കൈകാലുകളെ തളര്‍ത്തിയിരിക്കുകയാണ്.
മുഹമ്മദ് തലീം, സലാഹാദ ഗ്രാമം
നുഹ് ജില്ലയിലെ തന്നെ സലഹാദി ഗ്രാമത്തിലുള്ള മുഹമ്മദ് തലീം എന്ന 22കാരനായ ട്രക്ക് ഡ്രൈവര്‍ ഡിസംബര്‍ ആറിനാണ് കൊല്ലപ്പെടുന്നത്. അന്ന് രാത്രി പിതാവ് ഷെരീഫിനൊപ്പം വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ തലീം പിന്നീടൊരിക്കലും തിരിച്ചുവന്നില്ല. തലീം ആല്‍വാറില്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് പിറ്റേന്ന് കുടുംബത്തിന് ലഭിച്ച വിവരം. തലീം കാലികളെ കടത്തിയെന്നും പൊലീസിന് നേരെ വെടിയുതിര്‍ത്തെന്നുമാണ് പൊലീസ് പറഞ്ഞത്.
പോസ്റ്റമോര്‍ട്ടം നടത്തി മൂന്നു ദിവസം കഴിഞ്ഞതിന് ശേഷമാണ് കുടുംബത്തിന് തലീമിന്റെ മൃതദേഹം തിരികെ ലഭിച്ചത്. ഗ്രാമവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അനുശാസിക്കുന്ന തരത്തിലുള്ള പോസ്റ്റമോര്‍ട്ടം നടത്താന്‍ പൊലീസ് തയ്യാറായത്. ഈ സംഭവത്തിലും പൊലീസിനെതിരെ കേസെടുക്കാന്‍ അധികാരികള്‍ തയ്യാറായില്ല. പക്ഷെ കൊലപ്പെട്ട തലീമിനും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരെ കൊലപാതകത്തിനും പശുമോഷണത്തിനും കേസെടുത്തു.
നിയാസ് മുഹമ്മദ്, ദലവാസ് ഗ്രാമം
പതിനേഴ് വയസുകാരനായ നിയാസ് മുഹമ്മദ് തന്റെ സുഹൃത്തായ സദ്ദാമിനൊപ്പം ദലവാസില്‍ നിന്ന് തൊട്ടടുത്തുള്ള രാജസ്ഥാനിലേക്ക് ബൈക്ക് ഓടിച്ചു പോയതായിരുന്നു. യാത്രയ്ക്കിടെ ഹൈവേയിലുള്ള പാലത്തില്‍ വിശ്രമിക്കുന്നതിനിടെ മോഷ്ടിച്ച ബൈക്കാണെന്ന് ആരോപിച്ച് ഇരുവരെയും പൊലീസ് പിടികൂടി. ബൈക്ക് സദ്ദാമിന്റേതാണെന്ന് പറഞ്ഞെങ്കിലും ഇരുവരെയും പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു.
ജുര്‍ഹാദ പൊലീസ് സ്റ്റേഷനിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനകത്ത് നിന്ന് നിലവിളി ഉയരുന്നത് കേട്ട് നാട്ടുകാര്‍ കുട്ടികളുടെ കുടുംബത്തെ വിളിച്ചറിയിക്കുകയായിരുന്നു. പക്ഷെ കുട്ടികളെ കാണാനുള്ള കുടുംബത്തിന്റെ ആവശ്യം പൊലീസ് നിരസിച്ചു. തുടര്‍ന്ന് നാട്ടുകാരും കുടുംബക്കാരും റോഡ് ഉപരോധിച്ചു.
കുറച്ചു കഴിഞ്ഞ് പുതപ്പില്‍ പൊതിഞ്ഞ് ഒരാളെ സ്റ്റേഷന് പുറത്തേക്ക് കൊണ്ടു പോയി. കുറച്ചു കഴിഞ്ഞ് സദ്ദാമിനെ പൊലീസ് വിട്ടയച്ചു. ഇരുവരെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും അവര്‍ മുഹമ്മദിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ചെന്നും സദ്ദാം പറഞ്ഞു. മുഹമ്മദിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് ചോദിച്ച് കൊണ്ട് നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെ പൊലീസ് അടിച്ചോടിച്ചു. രണ്ടു ദിവസം കഴിഞ്ഞ് അറിയാന്‍ കഴിഞ്ഞത് ജെയ്പൂരിലെ എ.എം.എസ് ആശുപത്രിയില്‍ മുഹമ്മദിനെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ്. പിന്നീട് രണ്ട് മാസം കഴിഞ്ഞ് നിയാസ് മരണപ്പെടുകയായിരുന്നു.
മുഹമ്മദിന്റെ കൊലപാതകത്തില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ അധികൃതര്‍ തയ്യാറായി. പക്ഷെ റോഡ് ഉപരോധിച്ചതിന് കുടുംബാംഗങ്ങള്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തു. സംഭവത്തില്‍ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുഹമ്മദിനെ പരിശോധിക്കുന്നതില്‍ ശ്രദ്ധയില്ലായ്മയ്ക്ക് മാത്രമാണ് പൊലീസിനെ കുറ്റക്കാരാക്കിയത്. കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുഹമ്മദ് സ്വന്തം കഴുത്തിന് മുറിവേല്‍പ്പിച്ചെന്നും കമ്മീഷന്‍ പറഞ്ഞു.
പക്ഷെ മുഹമ്മദ് എന്തുകൊണ്ടാണ് കൈയില്‍ ബ്ലേഡ് കരുതിയതെന്നും എന്തിന് സ്വയം മുറിവേല്‍പ്പിച്ചെന്നും കമ്മീഷന്‍ പറഞ്ഞില്ല. മുഹമ്മദിന്റെ കൊലപാതകത്തില്‍ രണ്ട് ലക്ഷം രൂപ കമ്മീഷന്‍ കുടുംബത്തിന് നല്‍കി. ഇത് കസ്റ്റഡി മരണത്തിനുള്ള നഷ്ടപരിഹാരമായിട്ടല്ല മറിച്ച് പൊലീസിന്റെ അശ്രദ്ധ കുറവിനുള്ള ശിക്ഷ എന്ന നിലയ്ക്കായിരുന്നു.
ജമാല്‍, ഗോരസ്‌കര്‍ ഗ്രാമം
ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ ഗോരസ്‌കര്‍ ഗ്രാമമാണ് കമ്മീഷന്‍ അടുത്തതായി സന്ദര്‍ശിച്ചത്. ഇവിടെ ജസ്മല്‍ എന്ന ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെടുന്നത് വാഹനത്തില്‍ പോകവെ പൊലീസിന്റെ വെടിയേറ്റിട്ടാണ്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ട്രക്കില്‍ പോകവെ പിന്തുടര്‍ന്നായിരുന്നു പൊലീസ് വെടിവെച്ചത്. ജസ്മലിന് മാത്രം വെടികൊണ്ടു.
വാഹനം നിര്‍ത്താതെ മറ്റുരണ്ടു പേരും നേരെ ഗോരസ്‌കറിലേക്ക് പോയത് കൊണ്ട് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. സ്ഥലത്ത് എത്തുമ്പോഴേക്കും ജസ്മലിന്റെ ജീവന്‍ നഷ്ടമായിരുന്നു. പ്രശ്നമൊന്നുമുണ്ടാക്കാതെ കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. പൊലീസിനെതിരെ പരാതി നല്‍കാന്‍ കുടുംബത്തിന് പേടിയായിരുന്നു. കാരണം പൊലീസിന്റെടുത്ത് നിന്ന് നീതികിട്ടുമെന്ന് അവര്‍ക്ക് പ്രതീക്ഷയും ഇല്ലായിരുന്നു. കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കി പൊലീസ് കേസ് ഒതുക്കിയെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
ആരിഫ്, നോഗൗണ്‍
സംഘം സന്ദര്‍ശിച്ച പൊലീസിന്റെ ഏറ്റുമുട്ടല്‍ കഥകളിലെ അവസാനത്തേത് ആല്‍വാറില്‍ കൊമേഴ്സ് ബിരുദത്തിന് പഠിക്കുന്ന ആരിഫിന്റേതാണ്. ആല്‍വാറിലെ സമ്പന്ന കുടുംബത്തില്‍ നിന്നുള്ളയാളാണ് ആരിഫ്. വിവാഹത്തിന് ഇരുപത് ദിവസം മാത്രം ബാക്കി. 2014 ഒക്ടോബര്‍ 20ന് സഹോദരന്റെ കടയടച്ച് വീട്ടിലേക്ക് പോകവെ പൊലീസ് വാഹനം ചേസ് ചെയ്യുകയും വീടിന് മുന്നില്‍ വെച്ച് നാല് പൊലീസുകാര്‍ തോക്കു ചൂണ്ടി വളയുകയും ചെയ്തു. ഇതിനിടെ കൈലാശ് യാദവ് എന്ന പൊലീസുകാരന്‍ തന്റെ എ.കെ 47 തോക്കില്‍ നിന്ന് രണ്ടു തവണ ആരിഫിന് നേരെ വെടിവെച്ചു.
കേസ് ആദ്യം അന്വേഷിച്ച രാജസ്ഥാന്‍ പൊലീസ് കൈലാശ് യാദവിനെ മാത്രം കുറ്റക്കാരനാക്കി മറ്റുമൂന്നു ഉദ്യോഗസ്ഥരെയും നിരപരാധികളെന്ന് വിധിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ആരിഫിന്റെ കുടുംബം സി.ബി.ഐ അന്വേഷണം നേടിയെടുത്തു. പക്ഷെ സി.ബി.ഐ സി.ബി.ഐ കൈലാശ് യാദവിനെ കൂടെ കൊലപാതക കുറ്റത്തില്‍ നിന്നൊഴിവാക്കി. പരമാവധി രണ്ടു വര്‍ഷം മാത്രം ശിക്ഷ ലഭിക്കാവുന്ന രൂപത്തില്‍ അശ്രദ്ധയ്ക്ക് കേസെടുത്തു.
തയ്യാറാക്കിയത് : ഹര്‍ഷ് മന്ദര്‍ & മുഹമ്മദ് ആരിഫ്
കടപ്പാട്: സ്‌ക്രോള്‍