ഛണ്ഡീഗഢ്: ഹരിയാന മുന്‍ കായിക മന്ത്രിയും മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനുമായ സന്ദീപ് സിങ്ങിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ വനിതാ ജൂനിയര്‍ അത്‌ലറ്റിക് കോച്ചിനെ സസ്‌പെന്‍ഡ് ചെയ്തു. ഹരിയാന കായിക മന്ത്രാലയമാണ് സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവിറക്കിയത്. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
പഞ്ച്കുള ജില്ലയിലെ സ്‌പോര്‍ട്‌സ് ഓഫീസറെ മുന്‍കാല പ്രാബല്യത്തോടെ സസ്‌പെന്‍ഡ് ചെയ്യുന്നുവെന്ന് സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ യശേന്ദ്ര സിങ് ഓഗസ്റ്റ് 11ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 2022 ഡിസംബറിലാണ് കോച്ച് സിങ്ങിനെതിരെ പരാതി നല്‍കിയത്.
അതേസമയം കേസ് പിന്‍വലിക്കാനോ, ഒത്തുതീര്‍പ്പാക്കാനോ ശ്രമിക്കാത്തതിനാലുള്ള നടപടിയാണിതെന്ന് കോച്ചിനെ ഉദ്ധരിച്ച് ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഓഫീസില്‍ ഹാജരായ തനിക്ക് അന്ന് വൈകുന്നേരമാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കൈമാറിയതെന്നും അവര്‍ പറഞ്ഞു.
‘ഞാന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. കേസ് ഒത്തുതീര്‍പ്പ് ചെയ്യാന്‍ എനിക്ക് സമ്മര്‍ദമുണ്ടായിരുന്നു. സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള കാരണം പോലും എന്നെ അറിയിച്ചിട്ടില്ല. എന്തുകൊണ്ടാണ് അവര്‍ ഇങ്ങനൊരു നടപടി സ്വീകരിച്ചതെന്ന് പോലും എനിക്ക് അറിയില്ല.
എന്റെ മേല്‍ സമ്മര്‍ദം ചെലുത്താനുള്ള സര്‍ക്കാരിന്റെ മറ്റൊരു മാര്‍ഗമാണിത്. പക്ഷേ ഞാനത് അംഗീകരിക്കില്ല,’ അവര്‍ പറഞ്ഞു.
ഹരിയാന സിവില്‍ സര്‍വീസസ് റൂള്‍സ് പ്രകാരമുള്ള അലവന്‍സിന് സസ്‌പെന്‍ഷന്‍ കാലയളവില്‍ യുവതി അര്‍ഹയാണെന്ന് ഉത്തരവില്‍ പറയുന്നു.
യുവതിയുടെ പരാതിയില്‍ 2022 ഡിസംബര്‍ 31നാണ് സന്ദീപിനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി കേസെടുത്തത്. ഇന്ത്യന്‍ പീനല്‍ കോഡ് സെഷന്‍ 354 (സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം), 354 എ (ലൈംഗിക പീഡനം), 354 ബി (കരുതിക്കൂട്ടിയുള്ള ആക്രമണം), 342, 506 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
തുടര്‍ന്ന് സന്ദീപിനെ കായിക വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. പക്ഷേ അദ്ദേഹം ഇപ്പോഴും സംസ്ഥാന മന്ത്രിയായി തുടരുന്നു.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം ആദ്യം മുതല്‍ക്കേ തള്ളിക്കളഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെന്നും ആരോപണത്തിലൂടെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെയും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാനാകില്ലെന്നാണ് ഹരിയാന സര്‍ക്കാരിന്റെ നിലപാട്.
CONTENT HIGHLIGHTS: In Haryana, the coach who filed a sexual harassment complaint against the minister was suspended