ജില്ലാ ഗ്രാമവികസന ഏജന്‍സിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പ്രമുഖ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം പ്രത്യേകം പറയുന്നുണ്ട്. “തുറസ്സായ സ്ഥലത്ത് മലവിസര്‍ജ്ജനം നടത്താത്തവര്‍ക്ക്” മുന്‍ഗണന നല്‍കും എന്നാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇതേ പരസ്യത്തില്‍ ക്ലസ്റ്റര്‍ മോട്ടിവേറ്റര്‍മാര്‍ക്കുള്ള പോസ്റ്റിനും ഇതേ നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ട്.
പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ കക്കൂസ് ഉപയോഗിക്കുന്നവരാണെന്ന് സത്യവാങ്മൂലം നല്‍കിയെങ്കിലേ നിയമന ഉത്തരവ് ലഭിക്കൂ. ഉറപ്പ് ലംഘിച്ചാല്‍ ജോലി നഷ്ടമാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ജോലി ലഭിച്ചശേഷം കേന്ദ്ര സര്‍ക്കാറിന്റെ ക്ലീന്‍ ഇന്ത്യ മിഷനു കീഴില്‍ ഇവരും പ്രവര്‍ത്തിക്കണം.
സ്വച്ഛ് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് നിബന്ധന ഹരിയാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ ഗ്രാമവികസന ഏജന്‍സി സി.ഇ.ഒയായ പ്രഭ്‌ജോത് സിങ് വ്യക്തമാക്കി.
2011ലെ സെന്‍സസ് അനുസരിച്ച് ഹരിയാനയിലെ 47.18 ലക്ഷം വീടുകളില്‍ 30% തുറസ്സായ സ്ഥലത്താണ് മലവിസര്‍ജനം നടത്തുന്നത്. 69%ത്തില്‍ കക്കൂസ് സൗകര്യം ഉണ്ട്. 1% പൊതുശൗചാലയങ്ങളെ ആശ്രയിക്കുന്നു.
ഇതാദ്യമായല്ല മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ഇത്തരമൊരു നിബന്ധന മുന്നോട്ടുവെക്കുന്നത്. വീട്ടില്‍ കക്കൂസ് ഇല്ലാത്തവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത കല്‍പ്പിച്ച് ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൂന്ന് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് സുപ്രീംകോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുകയാണ്.