ചണ്ഡീഗഡ്: ഹരിയാനയില്‍ വിജയ സാധ്യത കോണ്‍ഗ്രസിനെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ തിരിച്ചടി നേരിടുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിലയിരുത്തുന്നുണ്ട്.
ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് വൈകിട്ട് 6.30 ഓടെ പൂര്‍ത്തിയായതിന് ശേഷമുള്ള നാഷണല്‍ മീഡിയയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എക്‌സിറ്റ് പോളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന് തന്നെയാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.
ഹരിയാനയിലെ ഭരണവിരുദ്ധ വികാരവും കര്‍ഷക സമരവും ഗുസ്തി താരങ്ങളുടെ സമരത്തെ സര്‍ക്കാര്‍ അവഗണിച്ചതും യുവജനങ്ങളുടെ തൊഴിലില്ലായ്മയുമെല്ലാം ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കാന്‍ കാരണമാവുമെന്നാണ് എക്‌സിറ്റ് പോള്‍ വിലയിരുത്തല്‍.
സി.എന്‍.എന്‍, എ.ബി.പി ന്യൂസ്, റിപബ്ലിക് ന്യൂസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം കോണ്‍ഗ്രസിന് വ്യക്തമായ മേല്‍കൈ പ്രവചിക്കുന്നുണ്ട്.
റിപബ്ലിക് ടി.വി യിലെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ കോണ്‍ഗ്രസിന് 55 മുതല്‍ 62 വരെ സീറ്റ് ലഭിക്കുമെന്നും ബി.ജെ.പിക്ക് 18 മുതല്‍ 24 സീറ്റും മറ്റുള്ള പാര്‍ട്ടികള്‍ക്ക് 5 മുതല്‍ 14 വരെ സീറ്റ് ലഭിക്കുമെന്നുമാണ് പ്രവചിക്കുന്നത്.
പീപ്പിള്‍സ് പ്ലസിന്റെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ കോണ്‍ഗ്രസിന് 55 സീറ്റും ബി.ജെ.പിക്ക് 26 ഉം മറ്റുപാര്‍ട്ടികള്‍ക്ക് 3 മുതല്‍ 5 വരെ സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം ന്യൂസ് 18 കോണ്‍ഗ്രസിന് 59 സീറ്റും ബി.ജെ.പിക്ക് 21ഉം ജെ.ജെ.പിക്ക് 2 സീറ്റുമാണ് പ്രവചിക്കുന്നത്.
സി.എന്‍.എന്‍ നടത്തിയ എക്‌സിറ്റ് പോളിലും സമാനമായ ഫലങ്ങള്‍ തന്നെയാണ് പുറത്ത് വരുന്നത്. കോണ്‍ഗ്രസിന് 59ഉം ബി.ജെ.പിക്ക് 21ഉം മറ്റ് പാര്‍ട്ടികള്‍ക്ക് 2 മുതല്‍ 4 വരെ സീറ്റുകളുമാണ് പ്രവചിക്കുന്നത്.
ടൈംസ് നൗവിലും കോണ്‍ഗ്രസിന് 55 മുതല്‍ 62 സീറ്റുകളും ബി.ജെ.പി 18 മുതല്‍ 24 സീറ്റും മറ്റ് പാര്‍ട്ടികള്‍ക്ക് 2 മുതല്‍ 5 സീറ്റുകള്‍ വരെയുമാണ് പ്രവചിക്കുന്നത്.
ഈ എക്‌സിറ്റ് പോളില്‍ നിന്നെല്ലാം പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ ഹരിയാനയിലെ ഭരണത്തിന് ശേഷം ബി.ജെ.പിക്ക് അടിപതറിയതായും കോണ്‍ഗ്രസ് ശക്തമായ ഭൂരിപക്ഷത്തില്‍ ഭരണം ഏറ്റെടുക്കുമെന്നുമാണ് വ്യക്തമാകുന്നത്.
Content Highlight: IN HARYANA CONGRESS WILL BE WIN; EXIT POLL RESULT