| Saturday, 12th November 2022, 4:48 pm

ജയിച്ചാല്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റും, പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍; വാഗ്ദാനങ്ങളുമായി ഗുജറാത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്നാക്കി മാറ്റുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ വാഗ്ദാനം.

ഗുജറാത്തില്‍ പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി പുറത്തിറക്കിയ പ്രകടന പത്രികയില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അമ്പത് ശതമാനം സംവരണം നല്‍കുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്.

സംസ്ഥാനത്താകെ 3000 ഇംഗ്ലിഷ് മീഡിയം സ്‌കൂളുകള്‍ തുടങ്ങുമെന്നും, ബിരുദാനന്തരബിരുദതലം വരെ സ്ത്രീകള്‍ക്കു സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

300 യൂണിറ്റ് സൗജന്യ വൈദ്യുതി, 500 രൂപയ്ക്ക് ഗാര്‍ഹികാവശ്യത്തിനായുള്ള ഗ്യാസ് സിലിണ്ടര്‍, മൂന്ന് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും എന്നിവയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നു.

തൊഴില്‍രഹിത യുവാക്കള്‍ക്ക് 3,000 രൂപ ധനസഹായം. പത്ത് ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും സൗജന്യ മെഡിക്കല്‍ പരിശോധനയും. അഞ്ച് ലക്ഷം രൂപക്ക് വരെ സൗജന്യ മരുന്നുകളും കോണ്‍ഗ്രസ് ഉറപ്പു നല്‍കുന്നു.

സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രകടനപത്രിക ഔദ്യോഗിക രേഖയാക്കി മാറ്റുമെന്നും കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ച ഗെലോട്ട് കോണ്ഗ്രസ് അധികാരത്തിലെത്തിയാല്‍ കഴിഞ്ഞ 27 വര്‍ഷങ്ങളില്‍ അഴിമതിയുമായി ബന്ധപ്പെട്ട ലഭിച്ച എല്ലാ പരാതികളിലും അന്വേഷണത്തിന് ഉത്തരവിടുമെന്നും കുറ്റക്കാരയവര്‍ക്ക് തക്ക ശിക്ഷ നല്‍കുമെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഗുജറാത്തില്‍ പുറത്തിറക്കിയത്. 46 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തുവിട്ടത്. 20 സിറ്റിങ് എം.എല്‍.എമാരും 18 പുതുമുഖങ്ങളും പട്ടികയിലിടം നേടി. ഇതോടെ 182 നിയമസഭാ സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഇതുവരെ 89 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്.

മൂന്ന് വനിതാ നേതാക്കള്‍ മാത്രമാണ് ഇതുവരെ പട്ടികയിലിടം നേടിയിരിക്കുന്നത്. സിറ്റിങ് എം.എല്‍.എമാരായ പൂന്‍ജ വാന്‍ഷ്, പൂന ഗാമിത് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ ഇവര്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു.

മുന്‍ പ്രതിപക്ഷ നേതാവ് പരേഷ് ധനാനി, നിര്‍ജി തുമ്മാര്‍, വിക്രം മാദം എന്നിവരും പട്ടികയിലുണ്ട്. ആദ്യ പട്ടികയില്‍ 43 സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. നവംബര്‍ നാലിനാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചത്.

അതേസമയം, നിലവിലെ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് മാറുന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രണ്ട് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ പോയിരുന്നു.

ഗുജറാത്തില്‍ രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Content Highlight: In Gujarat Manifesto, Congress Promises To Rename Narendra Modi Stadium

We use cookies to give you the best possible experience. Learn more