| Tuesday, 9th April 2024, 4:57 pm

ദളിത് കർഷക കുടുംബത്തിന് നേരെ ഭീഷണി; ഇലക്ടറൽ ബോണ്ട് വാങ്ങിപ്പിച്ച് 10 കോടി തട്ടി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് കര്‍ഷക കുടുംബത്തെ ഭീഷണിപ്പെടുത്തി ഇലക്ടറല്‍ ബോണ്ട് വാങ്ങിപ്പിച്ചതായി പരാതി. ഇരട്ടി ലാഭം വാഗ്ദാനം ചെയ്തും ആദായ നികുതി വകുപ്പ് കേസ് ചുമത്തുമെന്നും ഭീഷണിപ്പെടുത്തി അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥന്‍ 11 കോടിയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഇതില്‍ പത്ത് കോടിയും ബി.ജെ.പി തട്ടിയെടുത്തെന്നും ചൂണ്ടിക്കാട്ടുന്നു.

2023 ഒക്ടോബര്‍ 11ന് ഗുജറാത്തിലെ അഞ്ജാറില്‍ നിന്നുള്ള സവാകര മാന്‍വറിന്റെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ പേരില്‍ 11,00,14,000 രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. ‘ദി ക്വിന്റ്’ വെബ് പോര്‍ട്ടലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

അദാനി ഗ്രൂപ്പിന് കീഴിലുള്ള വെല്‍സ്പണ്‍ എന്റര്‍പ്രൈസിസ് സീനിയര്‍ മാനേജരായ മഹേന്ദ്ര സിങ് സോധയാണ് കുടുംബത്തിലെ അംഗങ്ങളെ കൊണ്ട് ബോണ്ടുകള്‍ എടുപ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 11 കോടിയില്‍ നിന്ന് 10 കോടി ബി.ജെ.പിയുടെ അക്കൗണ്ടിലേക്കും ഒരു കോടി ശിവസേനയുടെ അക്കൗണ്ടിലേക്കും മാറ്റിയതായി വ്യക്തമാകുന്നു.

അഞ്ജാറില്‍ ഉള്ള തങ്ങളുടെ കൃഷി ഭൂമി വെല്‍സ്പണ്‍ ഏറ്റെടുത്തിരുന്നെന്നും അതിന് നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ബോണ്ട് വഴി ബി.ജെ.പിക്ക് നല്‍കിയതെന്ന് മാന്‍വറിന്റെ മകന്‍ ഹരേഷ് പറഞ്ഞു. ഇത്രയും തുക ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ആദായ നികുതി വകുപ്പ് പ്രശ്‌നമുണ്ടാക്കുമെന്നും ഇലക്ടറല്‍ ബോണ്ട് സ്‌കീമില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ ലഭിക്കുമെന്നും പറഞ്ഞാണ് സോധ കുടുംബാംഗങ്ങളെ കൊണ്ട് ബോണ്ടുകള്‍ വാങ്ങിപ്പിച്ചത്.

ഇലക്ടറല്‍ ബോണ്ടിനെക്കുറിച്ചും അതുസംബന്ധിച്ച ചര്‍ച്ചകളെ കുറിച്ചും തനിക്കും കുടുംബത്തിനും അറിവില്ലായിരുന്നുവെന്ന് മാന്‍വര്‍ പ്രതികരിച്ചു. ഇലക്ടറല്‍ ബോണ്ട് വാങ്ങുന്നതിന് മുമ്പ് നടന്ന യോഗത്തില്‍ ബി.ജെ.പി നേതാവ് ഹേമന്ത് രജനികാന്ത് പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: In Gujarat, Dalit farmers’ families were threatened to buy electoral bonds

We use cookies to give you the best possible experience. Learn more