കൊവിഡ് 19; നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്ന 93 പേര്‍; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഗുജറാത്ത് പൊലീസ്
COVID-19
കൊവിഡ് 19; നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്ന 93 പേര്‍; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഗുജറാത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd March 2020, 11:03 am

അഹമ്മദാബാദ്: കൊവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പിന്റെയും സര്‍ക്കാറിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നവര്‍.

പത്ത് ദിവസത്തിനുള്ളില്‍ ഗുജറാത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 93 പേര്‍ ഹോം ക്വാറന്റൈന്‍ ലംഘനം നടത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ പൊലീസ് 10 എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയും ഡസന്‍ കണക്കിന് ആളുകളെ വീടിനുള്ളില്‍ നിര്‍ബന്ധപൂര്‍വ്വം നിര്‍ത്തുകയും ചെയ്തു.

ഗുജറാത്ത് സര്‍ക്കാറിന്റെ കണക്കുപ്രകാരം 433 ആളുകള്‍ സര്‍ക്കാര്‍ ക്വാറന്റൈനിലും 6092 ആളുകള്‍ അവരവരുടെ വീടുകളിലും നിരീക്ഷണത്തിലാണ്.

നിരീക്ഷണത്തിലുള്ള ആളുകള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നതില്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ആശങ്കപ്രകടിപ്പിച്ചു.

അതേസമയം, അഹമ്മദാബാദില്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശം ലംഘിച്ച് ജന്മദിനാഘോഷത്തില്‍ പങ്കെടുത്തതിന് രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അടുത്തിടെ മസ്‌കറ്റില്‍ നിന്ന് മടങ്ങിയെത്തിയവരാണ് ഇവര്‍. ഇവരോട് 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു.

” ആരോഗ്യവകുപ്പ് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഇരുവരും നിരീക്ഷണം ലംഘിച്ച് ജന്മദിനപാര്‍ട്ടിയില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. ഞങ്ങള്‍ ഇവര്‍ക്കെതിരെ ഐ.പി.സി 188 ഉം 270 ചുമത്തിയിട്ടുണ്ട്.” മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അതേസമയം, കൊവിഡ് 19 വൈറസ് ബാധയില്‍ രാജ്യത്ത് വീണ്ടും മരണം സംഭവിച്ചു. ഫിലിപ്പൈന്‍ പൗരനായ 68 കാരനാണ് മുംബൈയില്‍ മരിച്ചത്.

നേരത്തെ ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ട് കസ്തൂര്‍ബാ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ