ജമ്മു കശ്മീരില്‍ കനത്ത തിരിച്ചടി നേരിട്ട് ബി.ജെ.പി; സ്വതന്ത്രര്‍ക്കൊപ്പം നിന്ന് താഴ്‌വര
India
ജമ്മു കശ്മീരില്‍ കനത്ത തിരിച്ചടി നേരിട്ട് ബി.ജെ.പി; സ്വതന്ത്രര്‍ക്കൊപ്പം നിന്ന് താഴ്‌വര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2019, 4:39 pm

ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ നടന്ന ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ബി.ജെ.പി

ബി.ജെ.പി ഒഴികെയുള്ള സംസ്ഥാനത്തെ രാഷ്ട്രീയ ശക്തികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ഇതോടെ ബി.ജെ.പിയും സ്വതന്ത്രരും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരുന്നു തെരഞ്ഞെടുപ്പില്‍ കണ്ടത്.

തെരഞ്ഞെടുപ്പ് ഫലം വലതുപക്ഷ പാര്‍ട്ടിക്ക് തിരിച്ചടിയാണെന്ന് നേതൃത്വം അംഗീകരിച്ചതായി ബി.ജെ.പി വൃത്തങ്ങള്‍ പ്രതികരിച്ചെന്ന് ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നടപടി നേട്ടമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു ബി.ജെ.പിയുടെ കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണം. എന്നാല്‍ പ്രതീക്ഷിച്ച വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീര്‍, ജമ്മു, ലഡാക്ക് എന്നീ മൂന്ന് മേഖലകളിലെയും 307 പഞ്ചായത്ത് ബ്ലോക്കുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 217 ലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജമ്മു കശ്മീരിലുടനീളം 22 ജില്ലകളില്‍ 19 തിലും സ്വതന്ത്രര്‍ വിജയിച്ചു. രണ്ട് ജില്ലകളില്‍ മാത്രമാണ് ബി.ജെ.പി ലീഡ് നേടിയത്. ഒരു ജില്ലയില്‍ ജമ്മു ആസ്ഥാനമായുള്ള പാന്തേഴ്സ് പാര്‍ട്ടി വിജയിച്ചു.

താഴ്‌വരയില്‍ വിജയം സ്വതന്ത്രര്‍ക്കൊപ്പം

136 പഞ്ചായത്ത് ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നതാണ് താഴ്‌വര. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ശലേന്ദ്ര കുമാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം കശ്മീരിലെ 128 സീറ്റുകളില്‍ 109 സീറ്റുകളും സ്വതന്ത്രര്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ പഞ്ചായത്ത് നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം കശ്മീരില്‍ സ്വാധീനം വര്‍ധിച്ചെന്ന് അവകാശപ്പെട്ട ബി.ജെ.പിക്ക് ഈ മേഖലയില്‍ വെറും 18 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

കഴിഞ്ഞ വര്‍ഷത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാത്തതിനാല്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല.

കശ്മീര്‍ ജില്ലകളായ കുപ്‌വാര, ബന്ദിപോര, ഗന്ധര്‍ബാല്‍, ശ്രീനഗര്‍, കുല്‍ഗാം എന്നിവിടങ്ങളില്‍ ബി.ജെ.പി ഒരു സീറ്റ് പോലും നേടിയിട്ടില്ല. ഈ ജില്ലകളിലെ 50 സീറ്റുകളിലും സ്വതന്ത്രര്‍ വിജയിച്ചു.

ബാരാമുള്ള ജില്ലയില്‍ ബി.ജെ.പി ഒരു സീറ്റില്‍ വിജയിച്ചപ്പോള്‍ ബാക്കിയുള്ള 24 സീറ്റിലും സ്വതന്ത്രര്‍ വിജയിച്ചു. അനന്ത്‌നാഗ് ജില്ലയിലെ 16 സീറ്റുകളില്‍ 13 സീറ്റിലും സ്വതന്ത്രര്‍ വിജയിച്ചു. മൂന്ന് സീറ്റുകള്‍ ബി.ജെ.പി നേടി.

പുല്‍വാമ ജില്ലയില്‍ ബി.ജെ.പിയും സ്വതന്ത്രരും നാല് സീറ്റുകള്‍ വീതം നേടി. കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി ഇവിടെ ഒരു സീറ്റ് നേടിയിട്ടുണ്ട്.

കശ്മീരിലെ ബി.ജെ.പിയുടെ ഏക ജയം ഷോപിയാനിയില്‍ ആയിരുന്നു, അവിടെ എട്ട് സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ഇതില്‍ ആറ് സീറ്റിലും എതിരാളികള്‍ ഇല്ലായിരുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 വായിക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം ജമ്മു കശ്മീരില്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്. കശ്മീരില്‍ മുന്‍മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കളെല്ലാം ഇപ്പോഴും വീട്ടുതടങ്കലില്‍ കഴിയവേ നടത്തിയ തെരഞ്ഞെടുപ്പിലാണ് ശക്തികേന്ദ്രമെന്ന് അവകാശപ്പെട്ട സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടമായത്.

ജമ്മുവില്‍ കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിച്ചതായി പാര്‍ട്ടി നേതാവ് പറഞ്ഞു. 2014 മുതല്‍, മേഖലയില്‍ നടന്ന വോട്ടെടുപ്പുകളില്‍ പാര്‍ട്ടി സ്ഥിരമായി ”മികച്ച പ്രകടനം” നടത്തിയിരുന്നന്നും എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിവിഷനിലുടനീളമുള്ള 148 സീറ്റുകളില്‍ പാര്‍ട്ടി നേടിയത് വെറും 52 സെഗ്മെന്റുകളാണ്, സ്വതന്ത്രര്‍ 88 സീറ്റുകള്‍ നേടിയപ്പോള്‍ ബാക്കി എട്ട് സീറ്റുകള്‍ പാന്തേഴ്‌സ് പാര്‍ട്ടി നേടി.

പൂഞ്ച് ജില്ലയില്‍ നടന്ന വോട്ടെടുപ്പില്‍ 11 സീറ്റുകളിലും സ്വതന്ത്രര്‍ വിജയിച്ചു. ജമ്മു – കത്വ , സാംബ, ഉദംപൂര്‍ തുടങ്ങിയ ജില്ലകള്‍ നഷ്ടപ്പെട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജമ്മു ജില്ലയില്‍ 11 സീറ്റുകള്‍ സ്വതന്ത്രര്‍ നേടിയപ്പോള്‍ ഒമ്പത് സീറ്റുകളുമായി ബി.ജെ.പി രണ്ടാം സ്ഥാനത്താണ്. കത്വയില്‍ സ്വതന്ത്രര്‍ 10 സീറ്റുകളും ബി.ജെ.പി ഒമ്പത് സീറ്റുകളും നേടി. അയല്‍ജില്ലയായ സാംബയില്‍ നാല് സീറ്റ് ബി.ജെ.പി നേടിയപ്പോള്‍ സ്വതന്ത്രര്‍ അഞ്ച് സീറ്റ് നേടി.

ദോഡ, കിഷ്ത്വാര്‍, രാംബാന്‍ ജില്ലകളില്‍ 27 സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു. ഇവിടെ ബി.ജെ.പി 14 സീറ്റുകള്‍ നേടി. രാജൗരി, റിയാസി ജില്ലകളില്‍ സ്വതന്ത്രര്‍ 19 സീറ്റുകളും ബി.ജെ.പി 12 സീറ്റുകളും നേടി.

ജമ്മുവില്‍ 13 സീറ്റുകളില്‍ ഏഴിലും ലീഡ് നേടിയ ബി.ജെ.പി കിഷ്ത്വാര്‍ ജില്ലയില്‍ മാത്രമാണ് വിജയിച്ചത്. ബാക്കി ആറ് സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു. പാന്തേഴ്‌സ് പാര്‍ട്ടി ഉധംപൂര്‍ ജില്ലയില്‍ എട്ട് സീറ്റുകളില്‍ സ്വതന്ത്രര്‍ അഞ്ചും ബി.ജെ.പിയും നാലും സീറ്റുകള്‍ നേടി.

രണ്ട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ലഡാക്കിന് കേന്ദ്രഭരണ പദവി നല്‍കിയതിലൂടെ കൂടുതല്‍ വോട്ടുകള്‍ നേടാമെന്ന ബി.ജെ.പി പ്രതീക്ഷയും തെറ്റി. ലഡാക്കിലും ബി.ജെ.പി വലിയ തിരിച്ചടിയാണ് നേരിട്ടത്.

മേഖലയിലെ 31 സീറ്റുകളില്‍ 20 സീറ്റുകളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ ബി.ജെ.പിക്ക് 11 സീറ്റില്‍ ഒതുങ്ങി.

ബുദ്ധമത ആധിപത്യമുള്ള ലേയില്‍ ബി.ജെ.പി ഏഴ് സീറ്റ് നേടിയപ്പോള്‍ സ്വതന്ത്രര്‍ ഒമ്പത് സീറ്റുകള്‍ നേടി. മുസ്‌ലീം ഭൂരിപക്ഷമുള്ള കാര്‍ഗിലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ നാല് സീറ്റും സ്വതന്ത്രര്‍ 11 സീറ്റുകളും നേടി.

അതേസമയം ഫലം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഉടന്‍ യോഗം ചേരുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി അശോക് കൗള്‍ പറഞ്ഞു. കശ്മീരിലെ 15 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ടെന്നായിരുന്നു കൗര്‍ പറഞ്ഞത്.