അഡിസ് അബാബ: മരുന്ന് ക്ഷാമവും വൈദ്യുതി ലഭ്യതക്കുറവും കാരണം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ടീഗ്രേ പ്രദേശത്തെ റെഫറല്‍ ആശുപത്രി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്.
ബി.ബി.സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ റെഫറല്‍ ആശുപത്രിയായ അയ്‌ദെര്‍ റെഫറല്‍ ഹോസ്പിറ്റല്‍ ആണ് അടച്ചുപൂട്ടല്‍ ഭീഷണിയിലുള്ളത്.
എത്യോപ്യയുടെ വടക്കന്‍ പ്രദേശമായ ടീഗ്രേയില്‍ 18 മാസം നീണ്ടുനിന്ന ആഭ്യന്തര യുദ്ധം കാരണം ആശുപത്രി വലിയ പ്രതിസന്ധി നേരിടുകയാണെന്നും ഇനിയങ്ങോട്ട് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത ഘട്ടത്തില്‍ എത്തിയെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കിബ്രൊം ഗെബ്രെസെലസി പ്രതികരിച്ചു.
മരുന്നുകളും മറ്റ് മെഡിക്കല്‍ സപ്ലൈകളും ഇന്ധനവുമെല്ലാം ക്ഷാമം നേരിടുകയാണെന്നും അതിനാലാണ് ആശുപത്രി പ്രവര്‍ത്തനം സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഇന്ന് ടീഗ്രേയില്‍ വൈദ്യുതി ഇല്ല. അതുകൊണ്ട് ഞങ്ങള്‍ ഓക്‌സിജന്‍ ഉല്‍പാദനം നിര്‍ത്തിവെച്ചു,” ഡോ. കിബ്രൊം പറഞ്ഞു.
ഒരു വര്‍ഷത്തിലധികമായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വേതനം ലഭിക്കുന്നില്ലെന്നും അവരുടെ കുടുംബങ്ങളും വലിയ പ്രതിസന്ധിയിലാണെന്നും മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു.
മരുന്നുക്ഷാമം കാരണം നിരവധി പേര്‍ മരിക്കുന്നുണ്ടെന്നും ദിവസേന നാല് മുതല്‍ ആറ് മൃതശരീരങ്ങള്‍ വരെ ആശുപത്രിയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന സ്ഥിതി വരെ എത്തിയിട്ടുണ്ടെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, സംഭവത്തെ അപലപിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥാനൊം പ്രതികരിച്ചു.
”ഇത് ഒരു ദുരന്തമാണ്. ടീഗ്രേയിലെ ഒരേയൊരു റെഫറല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
ആംബുലന്‍സുകളും ജനറേറ്ററുകളും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനം ഇല്ല, പ്രാഥമികമായി വേണ്ട മരുന്നുകളില്ല, ഭക്ഷണമില്ല, ആശുപത്രിയിലെ ജീവനക്കാര്‍ വരെ വിശപ്പ് കാരണം തളര്‍ന്ന് വീഴുകയാണ്- ഇതെല്ലാമാണ് ആശുപത്രി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണമാകുന്നത്,” ഡബ്ല്യു.എച്ച്.ഒ തലവന്‍ ട്വീറ്റ് ചെയ്തു.
ഇത് സംബന്ധിച്ച വാര്‍ത്തയും അദ്ദേഹം തന്റെ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പ്രദേശത്തിന്റെ നിയന്ത്രണം ടീഗ്രേ ഡിഫന്‍സ് ഫോഴ്‌സസ് (ടീഗ്രേ ആര്‍മി) കയ്യടക്കിയത്. ഇതോടെയാണ് പ്രദേശം പ്രതിസന്ധിയിലേക്ക് നീങ്ങിയതെന്നാണ് യു.എന്‍ വിലയിരുത്തലുകള്‍.
Content Highlight: In Ethiopia’s Tigray largest hospital stops services amid crisis, WHO chief respond