എല്‍ സാല്‍വദോറില്‍ വീണ്ടും വിജയം ആവര്‍ത്തിച്ച് ഇടതുപക്ഷത്തിന്റെ ഗറില്ലാ പോരാളി
World
എല്‍ സാല്‍വദോറില്‍ വീണ്ടും വിജയം ആവര്‍ത്തിച്ച് ഇടതുപക്ഷത്തിന്റെ ഗറില്ലാ പോരാളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2014, 12:55 am

[]സന്‍ സല്‍വദോര്‍: ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ഭരണകക്ഷികളായ ഇടതുപക്ഷത്തിന് മുന്നേറ്റം.

ഫറാബുന്‍ഡോ മാര്‍ട്ടി നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (എഫ്.എം.എല്‍.എന്‍) സ്ഥാനാര്‍ഥിയായ മുന്‍ ഗറില്ലാ കമാന്‍ഡര്‍ സാല്‍വദോര്‍ സാഞ്ചസ് സെരന്‍ 49 ശതമാനം വോട്ടോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്നിലെത്തി.

എന്നാല്‍ വിജയിക്കാനായി 50 ശതമാനം വോട്ട് ആവശ്യമാണ്. ഒരു ശതമാനം വോട്ടിന്റെ കുറവാണ് സാല്‍വദോറിനുള്ളത്.

അതേസമയം വലതുപക്ഷ നാഷണലിസ്റ്റ് റിപ്പബ്ലിക്കന്‍ അലയന്‍സ് സ്ഥാനാര്‍ഥി നോര്‍മന്‍ ക്വിയാനോക്ക് 30 ശതമാനം വോട്ട് ലഭിച്ചു.

ഈ സാഹചര്യത്തില്‍ ഇരുകൂട്ടരും ഒരു തവണ കൂടി തിരഞ്ഞെടുപ്പിനെ നേരിടേണ്ടതായി വരും.

അമേരിക്കയുടെ സഹായത്തോടെ രാജ്യത്തെ ജനങ്ങളെ വേട്ടയാടിയ ഭരണകൂടത്തിനെതിരെ 1980കളില്‍ പ്രക്ഷോഭം നയിച്ച മാര്‍ക്‌സിസ്റ്റ് ഗറില്ലകളാണ് ഫറാബുന്‍ഡോ മാര്‍ട്ടി നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് പാര്‍ട്ടി രൂപീകരിച്ചത്.

2009ല്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ തന്നെയാണ് അവരെ വീണ്ടും ഭരണത്തിലെത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്.

അഴിമതിയും ദാരിദ്ര്യനിര്‍മാജനവും ജാതിനീതിയും ജനങ്ങള്‍ക്ക് പ്രദാനം ചെയ്യാന്‍ കഴിഞ്ഞത് തന്നെയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടമായി കാണുന്നത്.

2009 ജൂണ്‍ ഒന്നിന്  പ്രസിഡന്റ് മൗറീസ്യോ ഫ്യുനസിന്റെ സര്‍ക്കാര്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ക്യൂബയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് ഉത്തരവിട്ടിരുന്നു.

50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്യൂബയും എല്‍ സാല്‍വദോറും ബന്ധം പുനഃസ്ഥാപിച്ചത്.

തുടര്‍ന്ന് ക്യൂബയുടെയും വെനസ്വേലയുടെയും നേതൃത്വത്തിലുള്ള ലാറ്റിനമേരിക്കയിലെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് കുത്തകഭരണം രാജ്യത്ത് നിന്ന് തുടച്ചുനീക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു.

ജനങ്ങളുടെ ആവശ്യവും ആഗ്രഹവും കണക്കിലെടുത്തുകൊണ്ടുള്ള ഭരണം തന്നെയാണ് സാല്‍വദോറിനേയും അദ്ദേഹത്തിന്റെ പാര്‍ട്ടി ജനസമ്മതനാക്കിയത്.

അതേസമയം അരീന വിമതനായി മത്സരിച്ച മുന്‍ പ്രസിഡന്റ് അന്റോണിയോ 11 ശതമാനം വോട്ടുനേടി.