കെയ്റോ: ഈജിപ്തില്‍ ഇസ്രഈലുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി കൊക്കകോള ബഹിഷ്‌കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ആഹ്വാനം. ഈജിപ്തിലെ അല്‍ അഹ്‌ലി സ്പോര്‍ട്സ് ക്ലബ്ബിനോടാണ് കമ്പനി ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടിരിക്കുന്നത്.
ക്ലബ്ബിന്റെ ലോഗോയും കളിക്കാരുടെ ചിത്രങ്ങളും കൊക്കോകോള ക്യാനുകളില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ അല്‍ അഹ്‌ലിയോട് ആരാധകര്‍ ആവശ്യപ്പെടുകയായിരുന്നു. കൊക്കോകോള കമ്പനിയുമായും ലിപ്റ്റണ്‍ ടീ കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നത് വരെ ക്ലബ്ബിന്റെ ഗെയിമുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും ബഹിഷ്‌കരിക്കുമെന്ന് ഏതാനും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ #Boycott_Ahly എന്ന ഹാഷ്ടാഗോട് കൂടിയ ക്യാമ്പയിനുകളും ഈജിപ്തിലെ സ്‌പോര്‍ട്‌സ് ആരാധകര്‍ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ പ്രതിഷേധം ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഗസയിലെ ഫലസ്തീനികള്‍ക്ക് വേണ്ടിയാണെന്നും ആരാധകര്‍ പറയുന്നു.
‘കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് നിശബ്ദരാകാം, എന്നാല്‍ അവര്‍ കൊല്ലപ്പെടുമ്പോള്‍ അതെ രീതിയില്‍ മൗനം പാലിക്കരുത്,’ #Boycott_Ahly എന്ന ഹാഷ്ടാഗോട് കൂടി ഒരു ക്ലബ്ബ് ആരാധകന്‍ എക്‌സില്‍ കുറിച്ചു.
ഗസയില്‍ തുടര്‍ച്ചയായി അതിക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രഈലിനെ പിന്തുണക്കുന്ന ബ്രാന്‍ഡുകളെയും കമ്പനികളെയും ബഹിഷ്‌കരിക്കാന്‍ വ്യാപകമായി ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ആഹ്വാനം.
നേരത്തെ ഗസയിലെ ജനങ്ങള്‍ക്ക് പകരം ഇസ്രഈല്‍ സൈന്യത്തിനാണ് മക്‌ഡൊണാള്‍ഡ്‌സ് ഭക്ഷണം നല്‍കുന്നതെങ്കില്‍ ആഗോള തലത്തില്‍ മക്‌ഡൊണാള്‍ഡ്‌സിനെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മക്‌ഡൊണാള്‍ഡ്‌സിന്റെ നീക്കത്തിനെതിരെ ലെബനനില്‍ വന്‍ പ്രതിഷേധമുണ്ടായി. ലെബനനിലെ സിഡനിലുള്ള ഒരു മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്ലെറ്റിന് നേരെ ആക്രമണമുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ബഹിഷ്‌ക്കരണ ആഹ്വാനങ്ങള്‍ക്കിടയില്‍ അന്താരാഷ്ട്ര വില്‍പനയില്‍ മക്ഡൊണാള്‍ഡ്സ് കനത്ത ഇടിവും നേരിട്ടു. ഗസയിലെ ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കികൊണ്ടുള്ള ബഹിഷ്‌ക്കരണങ്ങള്‍, സമാന രീതിയില്‍ തുടര്‍ന്നാല്‍ ശൃംഖലയ്ക്ക് കൂടുതല്‍ നഷ്ടം നേരിടേണ്ടിവരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മുമ്പത്തേതില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനിക്ക് വന്‍ ഇടിവുണ്ടായിട്ടുണ്ടെന്ന് മക്‌ഡൊണാള്‍ഡിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ഇയാന്‍ ബോര്‍ഡന്‍ പറഞ്ഞിരുന്നു.
Content Highlight: In Egypt, there is a call on social media to boycott Coca-Cola citing its relationship with Israel