കെയ്‌റോ: 2011ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തെ സ്മരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ യുവാവിനെ കാണാതായതായി റിപ്പോര്‍ട്ട്. പോസ്റ്റ് പങ്കുവെച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്.
2011ലെ പ്രോ-ഡെമോക്രസി റെവല്യൂഷന്റെ വാര്‍ഷികത്തിന് പോസ്റ്റ് പങ്കുവെച്ച ഹയ്തം എല്‍-ബന്നയെയാണ് കാണാതായിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു ബന്നയെ അറസ്റ്റ് ചെയ്തത്.
വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന ബന്നയുമായി യാതൊരു കമ്യൂണിക്കേഷനും സാധ്യമായിരുന്നില്ലെന്നും കുടുംബവും മറ്റ് മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു.
അറസ്റ്റിലായതിന് ശേഷം ആളുകളെ കാണാതാവുന്ന ആയിരക്കണക്കിന് സംഭവങ്ങളാണ് ഈജിപ്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും പറയുന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
”ഹയ്തം ഒരിക്കലും ആരെയും ഉപദ്രവിച്ചിട്ടില്ല. ലോകത്തെ ഏറ്റവും കരുണയുള്ളവനും ബുദ്ധിശാലിയുമായ ആളാണ് അവന്‍. സമാധാനപ്രിയന്‍. സ്വയം സ്‌നേഹിക്കുന്നതിനുമപ്പുറം മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവന്‍,” ഹയ്തമിന്റെ സഹോദരി ഷെയ്മാ എല്‍-ബന്ന പ്രതികരിച്ചു.
ജനുവരി 25ന് 2011ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ 11ാം വാര്‍ഷികത്തില്‍ അനുസ്മരിച്ച് ഹയ്തം പോസ്റ്റ് ചെയ്ത രണ്ട് ഫേസ്ബുക്ക് കുറിപ്പുകളാണ് ഹയ്തമിന്റെ അറസ്റ്റിനും കാണാതാവലിനും കാരണമെന്ന് താന്‍ വിശ്വസിക്കുന്നതായും സഹോദരി ഷെയ്മ പറഞ്ഞു.
ഹയ്തമിനെ കാണാതായതില്‍ അധികൃതര്‍ പ്രതികരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
അബ്ദെല്‍ ഫത്ത എല്‍-സിസി ആണ് നിലവിലെ ഈജിപ്തിന്റെ പ്രസിഡന്റ്. മിലിറ്ററി ഓഫീസര്‍ കൂടിയായിരുന്ന എല്‍-സിസി മുന്‍ പ്രസിഡന്റ് മുര്‍സിയെ 2013ല്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് അധികാരത്തിലെത്തിയത്.
എല്‍-സിസി പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ ഇത്തരത്തില്‍ ആളുകളെ കാണാതാവുന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യത്ത് പതിവാണെന്നാണ് പ്രാദേശിക, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.
ഇത്തരത്തില്‍ കാണാതാവുന്നവരെക്കുറിച്ച് മാസങ്ങളോളമോ ചിലപ്പോല്‍ വര്‍ഷങ്ങളോളമോ വിവരം ലഭിക്കാറില്ലെന്നും ഇവര്‍ പറയുന്നു.
2011ലെ ഈജിപ്ഷ്യന്‍ റെവല്യൂഷന് പിന്നാലെ 2012ല്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച്, ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ ഈജിപിതിലെ ആദ്യത്തെ പ്രസിഡന്റായിരുന്നു മുഹമ്മദ് മുര്‍സി.
2011 ജനുവരി 25 മുതല്‍ ഫെബ്രുവരി 11 വരെയായിരുന്നു ഈജിപ്ഷ്യന്‍ റെവല്യൂഷന്‍ നീണ്ടുനിന്നത്. ഹുസ്‌നി മുബാറക്കിന്റെ ഭരണത്തിന്‍ കീഴിലെ പൊലീസ് അതിക്രമങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ രാജ്യവ്യാപക പ്രതിഷേധമായിരുന്നു അന്ന് നടന്നത്.
Content Highlight: In Egypt Man detained after Facebook post remembering 2011 Egyptian revolution