കടുത്ത വരള്‍ച്ചയും ഉയര്‍ന്ന കടബാധ്യതയും : കര്‍ഷകനായ പിതാവിനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ച് മകന്‍
Daily News
കടുത്ത വരള്‍ച്ചയും ഉയര്‍ന്ന കടബാധ്യതയും : കര്‍ഷകനായ പിതാവിനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ച് മകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th April 2016, 10:38 am

shinde

ലാത്തൂര്‍: കടുത്ത വരള്‍ച്ച നേരിടുന്ന ലാത്തൂരില്‍ കുടിവെള്ളമോ ഭക്ഷണമോ ലഭിക്കാതെ ഏറെ ദുരിതത്തിലാണ് പലരും. ഇതിനൊപ്പം വലിയ കടബാധ്യതയും ഇവരില്‍ പലരേയും അലട്ടുന്നുണ്ട്.

വരള്‍ച്ചയും കടബാധ്യതയും മൂലം ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ ധന്‍രാജ് ഷിന്‍ഡെ എന്ന 45 കാരനെ അതില്‍ നിന്നും പിന്തിരിപ്പിച്ചത്  അദ്ദേഹത്തിന്റെ 14 കാരനായ മകന്‍ പൃഥ്വിരാജ് തന്നെയാണ്.

ഒരു മുഴം കയറുമായി ആത്മഹത്യ ചെയ്യാനായി കൃഷിഭൂമിയിലേക്ക് പോയ ധന്‍രാജിനെ  സമാധാനിപ്പിക്കുകയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയുമായിരുന്നു ഈ ബാലന്‍.

ലാത്തൂരിലെ ഷിരൂര്‍ അനന്തപാല്‍ ഗ്രാമത്തില്‍ മൂന്ന് ഏക്കര്‍ നിലത്തേയും കൃഷി നശിച്ചുകഴിഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നല്ല വിളയോ കൃഷിയോ ലഭിക്കുന്നില്ല.

ഏതാണ്ട് 15 ലക്ഷത്തോളം രൂപ ഇപ്പോള്‍ കടമുണ്ട്. മകളായ സൊനാലിക്ക് വയര്‍ലെസ് ഓപ്പറേറ്ററായി സര്‍ക്കാര്‍ ജോലി ശരിയായിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ പല പേപ്പറുകളും ശരിയാകാനുള്ള കാലതാമസം കൊണ്ട് ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറയുന്നു.

എന്റെ കുട്ടികള്‍ക്ക് വലിയ സ്വപ്‌നങ്ങളാണ് ഉള്ളത്. അവരുടെ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.4 പെണ്‍കുട്ടികളും  1 ആണ്‍കുട്ടിയുമാണ് ഇദ്ദേഹത്തിനുള്ളത്.

സ്‌കൂള്‍ പഠന കാലത്ത് സംസ്‌കൃതത്തില്‍ പ്രസിഡന്റിന്റെ കയ്യില്‍ നിന്നും മെഡല്‍ വാങ്ങിയവളാണ് ഇദ്ദേഹത്തിന്റെ ഒരു മകള്‍ അര്‍ച്ചന.

ഐ.എ.എസ് ഓഫീസറാകണമെന്നാണ് മകന്‍ പൃഥ്വിരാജിന്റെ ആഗ്രഹം. സയന്‍സ് ഒളിംപ്യാഡില്‍ അവന്‍ പങ്കെടുത്തിട്ടുണ്ട്.

മറ്റ് രണ്ട് പെണ്‍കുട്ടികളും പഠനത്തില്‍ ഏറെ മുന്നിലാണ്. ഗ്രാമത്തിലെ പല കുട്ടികളും സ്‌കൂള്‍ പഠനം അവസാനിപ്പിച്ചെങ്കിലും ഏറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും മക്കളെസ്‌കൂളില്‍  അയക്കാറുണ്ടെന്നും ഇദ്ദേഹം പറയുന്നു.

മകള്‍ക്കെങ്കിലും ജോലി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റൊരുവഴിയുമില്ലെന്നും ഇദ്ദേഹം പറയുന്നത്. തങ്ങള്‍ക്കുമുന്നില്‍ ഭരണകൂടവും പ്രകൃതിയും വാതില്‍ കൊട്ടിയടക്കുകയാണോ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.