| Thursday, 29th April 2021, 7:51 pm

'അമ്മയുടെ സ്ഥിതി ഗുരുതരമാണെന്ന് അവരോട് പറഞ്ഞു, ആരും കേട്ടില്ല'; ദല്‍ഹിയില്‍ ഓക്‌സിജന്‍ സിലിണ്ടറിനായി കേണപക്ഷേിച്ച് യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ തന്റെ അമ്മയ്ക്കായി ഓക്‌സിജനു വേണ്ടി കേണപേക്ഷിച്ച് യുവതി. ഓക്‌സിജന്‍ സിലിണ്ടര്‍ വേഗം നിറച്ചു തരണമെന്നും തന്റെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും അധികൃതരോട് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്നും ഒടുവില്‍ അമ്മ മരിച്ചുവെന്ന വാര്‍ത്തയാണ് ക്യൂവില്‍ നിന്ന തന്നെ തേടിയെത്തിയതെന്നും യുവതി പറഞ്ഞു. ദല്‍ഹി സ്വദേശിയായ ശ്രുതി സാഹയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്.

ഓക്‌സിജന്‍ റിഫില്ലിംഗ് പ്ലാന്റിനു മുന്നില്‍ താന്‍ ഏറെ നേരം കാത്തു നിന്നിരുന്നുവെന്നും ഒടുവില്‍ പൊലീസുകാരോടും സുരക്ഷാ ഉദ്യോഗസ്ഥരോടും തന്റെ അവസ്ഥ പറഞ്ഞുവെന്നും ശ്രുതി പറയുന്നു. എന്നാല്‍ ആരും തന്നെ സഹായിച്ചില്ല. ഓക്‌സിജന്‍ വേഗം കിട്ടിയില്ലെങ്കില്‍ തന്റെ അമ്മയുടെ അവസ്ഥ ഗുരുതരമാകുമെന്ന് ഒടുവില്‍ അവരുടെ കാല് പിടിച്ച് പറഞ്ഞുവെന്നും ശ്രുതി പറയുന്നു. എന്നാല്‍ തന്നോട് പുറത്ത് കാത്തിരിക്കാനാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് അവര്‍ പറഞ്ഞു.

കുറച്ചുനേരം കഴിഞ്ഞാണ് തന്റെ അമ്മ മരിച്ച വിവരം വീട്ടുകാര്‍ വിളിച്ച് പറയുന്നത്. അതോടെ തന്റെ നിയന്ത്രണം വിട്ടുവെന്നും ശ്രുതി പറഞ്ഞു.

‘രാവിലെ രണ്ട് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. ഒരുപാട് സ്ഥലങ്ങളില്‍ പോയി നോക്കി. ഒരിടത്തും ഓക്‌സിജനില്ല. ഒടുവിലാണ് ഇവിടെയെത്തിയത്. എത്തിയപ്പോള്‍ മുതല്‍ ഉദ്യോഗസ്ഥരോട് ഞാന്‍ പറയുന്നുണ്ടായിരുന്നു അമ്മയ്ക്ക് തീരെ സുഖമില്ലെന്ന്. എന്നാല്‍ ആരും ചെവിക്കൊണ്ടില്ല’, ശ്രുതി പറഞ്ഞു.

സമാനമായ സംഭവം ഉത്തര്‍പ്രദേശിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.പിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഓക്സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുതെന്ന് ഒരു രോഗിയുടെ ബന്ധു പൊലീസിനോട് കരഞ്ഞ് അപേക്ഷിക്കുന്ന ദാരുണ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ആഗ്രയിലെ സ്വകാര്യ ആശുപത്രിക്ക് പുറത്താണ് സംഭവം.

ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം എട്ട് പേരാണ് ഓക്സിജന്‍ ലഭിക്കാതെ യു.പിയില്‍ മരിച്ചത്.

ഇതിന് പിന്നാലെ ചില ആശുപത്രികള്‍ രോഗികള്‍ക്കാവശ്യമായ ഓക്സിജന്‍ അവരുടെ ബന്ധുക്കള്‍ തന്നെ കണ്ടെത്തണമെന്ന് പറഞ്ഞ് നോട്ടീസുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമമില്ലെന്നായിരുന്നു ആദിത്യനാഥിന്റെ പ്രതികരണം.

നേരത്തെ മുത്തച്ഛന് ഓക്‌സിജന്‍ സഹായം തേടി ട്വീറ്റ് ചെയ്തതിന് യുവാവിനെതിരെ യു.പി പൊലീസ് ക്രിമിനല്‍ കേസെടുത്തിരുന്നു. ശശാങ്ക് യാദവ് എന്ന 26 കാരനെതിരെയാണ് പൊലീസ് കേസെടുത്തത്.

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: In Delhi, Woman Fell To Knees And Begged For Oxygen

We use cookies to give you the best possible experience. Learn more