അമൃത്സർ: ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിലെ കർഷകർ പ്രക്ഷോഭത്തിലേക്ക്. സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) യുടെ കീഴിൽ നിരവധി കർഷക യൂണിയനുകൾ പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡീഗഡിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിടത്തെല്ലാം അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കാൻ അവർ തീരുമാനിച്ചു.
മുൻകരുതൽ എന്ന നിലയിൽ, ചണ്ഡീഗഢ് പൊലീസ് നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ചുപൂട്ടുകയും യാത്രക്കാർ ഈ വഴികൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിൽ റോഡുകൾ, ഹൈവേകൾ, റെയിൽവേ ട്രാക്കുകൾ എന്നിവ ഉപരോധിക്കരുതെന്ന് ഭാരതീയ കിസാൻ യൂണിയൻ (ഏക്ത-ഉഗ്രഹാൻ) പ്രസിഡന്റ് ജോഗീന്ദർ സിങ് ഉഗ്രഹാൻ കർഷകരോട് അഭ്യർത്ഥിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നത് തടഞ്ഞ സ്ഥലത്ത് റോഡരികിൽ കുത്തിയിരിപ്പ് സമരം നടത്താൻ അദ്ദേഹം കർഷകരോട് ഉപദേശിക്കുകയും ചെയ്തു.
പഞ്ചാബ് സർക്കാർ പ്രതിഷേധിക്കാനുള്ള തങ്ങളുടെ അവകാശം അടിച്ചമർത്തുകയാണെന്ന് എസ്.കെ.എം ആരോപിച്ചു. കാർഷിക നയം നടപ്പിലാക്കുന്നതിനു പുറമേ, ഭൂരഹിതരായ തൊഴിലാളികൾക്കും കർഷകർക്കും ഭൂമി വിതരണം ചെയ്യുക, കർഷകരുടെയും തൊഴിലാളികളുടെയും കടം എഴുതിത്തള്ളുക എന്നിവയാണ് എസ്.കെ.എമ്മിന്റെ ആവശ്യങ്ങൾ.
തിങ്കളാഴ്ച മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാരും എസ്.കെ.എമ്മും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷം, ഉഗ്രഹാൻ ഉൾപ്പെടെയുള്ള കർഷക നേതാക്കളുടെ വസതികളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നിരവധി കർഷക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കർഷകരുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെ ഒരു പ്രകോപനവുമില്ലാതെ മുഖ്യമന്ത്രി ഇറങ്ങിപോവുകയായിരുന്നെന്ന് കർഷക സംഘടന പറഞ്ഞു. ‘തിങ്കളാഴ്ച വൈകുന്നേരം, മുഖ്യമന്ത്രി എസ്.കെ.എം നേതാക്കളുമായുള്ള യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് പൊലീസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ് ആരംഭിച്ചു. പുലർച്ചെ മൂന്ന് മണിക്ക് പൊലീസ് ഫിറോസ്പൂരിലെ എന്റെ വീട്ടിലെത്തി എന്നെ തടങ്കലിൽ ആക്കി,’ ക്രാന്തികാരി കിസാൻ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗുർമീത് സിങ് മെഹ്മ പറഞ്ഞു.
Content Highlight: In Delhi-like protest, Punjab farmers heading to Chandigarh