ന്യൂദല്‍ഹി: കേന്ദ്ര സേനയെ വിന്യസിച്ചതിനെ തുടര്‍ന്ന് അക്രമസംഭവങ്ങള്‍ക്ക് അറുതിയായെന്നും പല പ്രദേശങ്ങളും സാധാരണനിലയിലേക്ക് തിരിച്ചുവരികയാണെന്നുമുള്ള വാര്‍ത്തകള്‍ വരുമ്പോഴും ജനങ്ങളുടെ മനസ്സിലെ ഭീതി മാറിയിട്ടില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളില്‍ 38 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസമായി പ്രദേശത്ത് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കലാപം നടന്ന പ്രദേശത്തുള്ളവരെല്ലാം ഇപ്പോഴും ഭയത്തിലും ആശങ്കയിലുമാണ്. അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകുന്നതും ചടങ്ങുകള്‍ നടത്തുന്നതും വീണ്ടും സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമോയെന്ന ഭയത്തിലാണ് മരിച്ചവരുടെ ബന്ധുക്കള്‍.
വിവിധ ആശുപത്രികളിലായി സൂക്ഷിച്ചിട്ടുള്ളവരുടെ മൃതദേഹങ്ങള്‍ നിരവധി നടപടികള്‍ക്ക് ശേഷമാണ് ബന്ധുക്കള്‍ക്ക് തിരിച്ചുകൊണ്ടുപോകാനാകുന്നത്. എന്നാല്‍ അങ്ങിനെ തിരിച്ചുകിട്ടിയാലും ചടങ്ങുകളെല്ലാം നടത്തി സംസ്‌കരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ബന്ധുക്കള്‍ക്കില്ല.
‘ഞാന്‍ എല്ലാ ദിവസവും പത്ത് മണിക്ക് ഇവിടെ ആശുപത്രിയിലെത്തും. എന്റെ വീട്ടുകാര്‍ ഇഷ്തിയാഖിന്റെ മൃതദേഹം കാത്തിരിക്കുകയാണ്. പക്ഷെ പല ബന്ധുക്കള്‍ക്കും മൃതദേഹം വീട്ടില്‍ കൊണ്ടുവരുന്നതിനോട് താല്‍പര്യമില്ല. വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് നേരെ വീണ്ടും അക്രമങ്ങള്‍ ഉണ്ടാകുമോയെന്ന പേടിയാണവര്‍ക്ക്.’ അക്രമത്തില്‍ കൊല്ലപ്പെട്ട ഇഷ്തിയാഖിന്റെ സഹോദരന്‍ മുഷ്താഖ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
വര്‍ഷങ്ങളായി ദല്‍ഹിയിലെ കബീര്‍ നഗറിലാണ് ഇഷ്തിയാഖും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ വലിയ പേടിയിലാണെന്നും എത്രയും പെട്ടെന്ന് ചടങ്ങുകള്‍ നടത്തി തീര്‍ക്കണമെന്നേയുള്ളുവെന്ന് ഇവര്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ പരുക്കേറ്റ മിക്കവരെയും പ്രവേശിപ്പിച്ചത് പ്രദേശത്തെ ഗുരു തെഗ് ബഹദൂര്‍(ജി.ടി.ബി) എന്ന ആശുപത്രിയിലാണ്. ഇവിടെയുള്ള മിക്കവരും സമാനമായ ആശങ്കകളാണ് പങ്കുവെച്ചത്.
‘എന്റേ ജ്യേഷ്ഠന്‍ ദീപകിന് വേണ്ടി രീതിപ്രകാരമുള്ള ചടങ്ങുകള്‍ നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. കലാപകാരികള്‍ അടുത്തതെന്ത് ചെയ്യുമെന്ന് ആരു കണ്ടു. അവന്റെ ആത്മാവിന് ശാന്തി കിട്ടിയാല്‍ മതിയെന്നേ ഉള്ളൂ എനിക്ക്.’ സഞ്ജയ് പറഞ്ഞു.
അക്രമത്തില്‍ കൊല്ലപ്പെട്ട രാഹുല്‍ സോളങ്കി എന്ന യുവാവിന്റെ മാതാപിതാക്കള്‍ ആരുമറിയാതെ തങ്ങളുടെ മകന്റെ ചടങ്ങുകള്‍ നടത്തേണ്ടി വന്നതിലെ വിഷമം പങ്കുവെച്ചു. ‘ആരോടും ഒന്നും പറയാതെ തികച്ചും രഹസ്യമായെന്ന പോലെയാണ് ഞങ്ങള്‍ അവനെ സംസ്‌കരിച്ചത്. ഇനിയൊരു പ്രശ്‌നത്തിന് ഞങ്ങള്‍ക്കാവില്ല.’
മാനസികപ്രശ്‌നങ്ങളുണ്ടായിരുന്ന തന്റെ കുഞ്ഞനുജന്‍ മെഹ്താബ് വീടിന് പുറത്തേക്കിറങ്ങിയപ്പോളായിരുന്നു അക്രമികളുടെ കൈയ്യില്‍ പെട്ടെതെന്ന് ആരിഫ് അലി കരഞ്ഞുകൊണ്ട് പറഞ്ഞു. ‘അവന് പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാവില്ലായിരുന്നു. അതുകൊണ്ടാണ് ആ സമയത്ത് അവന്‍ പുറത്തുപോയത്. അവന്‍ മരിച്ചിട്ട് നാല് ദിവസം കഴിഞ്ഞു. മരിച്ച ശേഷം ഇത്രയും ദിവസം മൃതദേഹം സൂക്ഷിക്കുന്നത് ഞങ്ങളുടെ മതത്തില്‍ പതിവില്ലാത്തതാണ്. മൃതദേഹം ലഭിച്ചാല്‍ നേരിട്ട് ശ്മശാനത്തില്‍ കൊണ്ടുപോകാനാണ് വിചാരിക്കുന്നത്. പൊലീസിനോട് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.’ ആരിഫ് പറഞ്ഞു.
പ്രദേശത്തെ മുസ്‌ലിം ശ്മശാനം അക്രമികള്‍ നശിപ്പിച്ചിരുന്നു. ഏകദേശം ഇരുന്നൂറോളം പേരുടെ മുഖംമറച്ചെത്തിയ സംഘമാണ് ശ്മശാനം നശിപ്പിച്ചതെന്നും തന്റെ ജീവിത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു അതെന്നും ശ്മശാനം സൂക്ഷിപ്പുകാരനായ സുരാജ് പാല്‍ പറയുന്നു.
‘അവരുടെ കണ്ണില്‍ വിദ്വേഷവും വെറുപ്പും നിറഞ്ഞുനിന്നിരുന്നു. അവര്‍ ഗേറ്റുകള്‍ വലിച്ചൂരിയെറിഞ്ഞു. കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങളെല്ലാം തകര്‍ത്തു. പല ഭാഗങ്ങളും തീവെച്ച് നശിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു.’ സുരാജ് പാല്‍ ഓര്‍ത്തെടുത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അക്രമം ഏറ്റവും കൂടുതല്‍ ബാധിച്ച ഗോകുല്‍പുരി, ജ്യോതി നഗര്‍ എന്നീ പ്രദേശങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി ആരുമിതുവരെ വന്നില്ലെന്നും സുരാജ് ചൂണ്ടിക്കാണിച്ചു.
അക്രമം നടന്ന പ്രദേശങ്ങളില്‍ സംസ്‌ക്കാരചടങ്ങുകള്‍ നടത്താനുള്ള സഹായങ്ങള്‍ ചെയ്യുന്ന ഷഫീഖ് അഹ്മദ് എന്ന സാമൂഹ്യപ്രവര്‍ത്തകനും ജനങ്ങള്‍ ഏറെ ഭീതിയിലാണെന്ന് വ്യക്തമാക്കി.